തൃശൂർ: സ്‌കൂൾ പ്രവേശനത്തിനായി വിദ്യാർത്ഥികളിൽ നിന്നും വിവിധ ആവശ്യങ്ങളുന്നയിച്ച് പണം വാങ്ങുന്നുവെന്നും, വിദ്യാഭ്യാസ ഓഫീസുകളിൽ ഫയലുകൾ പൂഴ്ത്തിവയ്ക്കുന്നുവെന്നുമുള്ള രഹസ്യ വിവരത്തെ തുടർന്നുള്ള വിജിലൻസിന്റെ മിന്നൽ പരിശോധന "ഓപറേഷൻ ഈഗിൾ വാച്ചിൽ" സ്‌കൂളുകളിൽ നിന്നും, തൃശൂർ ഡി.ഇ.ഒ ഓഫീസിൽ നിന്നും രേഖകൾ പിടിച്ചെടുത്തു. അവണൂർ ശാന്ത ഹയർസെക്കൻഡറി സ്‌കൂൾ, ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഉച്ചയ്ക്ക് 12ന് തുടങ്ങിയ പരിശോധന വൈകിട്ട് വരെയും തുടർന്നു. തൃശൂർ ഡി.ഇ.ഒ ഓഫീസിൽ നിന്നും നിരവധി ഫയലുകളാണ് പിടിച്ചെടുത്തത്. നിയമന ഉത്തരവുകളും, ഒഴിവുകളെ സംബന്ധിച്ചുള്ള ഫയലുകൾ പൂഴ്ത്തിയതും വിജിലൻസ് പിടിച്ചെടുത്തു. ഡിവൈ.എസ്.പി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി തെരഞ്ഞെടുത്ത 45 എയ്ഡഡ് സ്‌കൂളുകളിലും 15 ജില്ലാ ഉപജില്ലാ ഓഫീസുകളിലുമായിരുന്നു പരിശോധന. മാനേജ്‌മെന്റുകൾ സ്‌കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും പി.ടി.എ, ബിൽഡിംഗ് തുടങ്ങി വിവിധ പേരുകളിൽ രസീത് നൽകാതെ പണം വാങ്ങുന്നുവെന്ന പരാതിയുണ്ടായിരുന്നു. എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ മുൻഗണനാക്രമം തെറ്റിച്ച് കൈക്കൂലി, സ്വാധീനം എന്നിവ പ്രകാരം നിയമനം നടത്തുകയും, ഒഴിവുകൾ നികത്തുന്നതിനുള്ള ഫയലുകൾ പൂഴ്ത്തുകയും, കോഴ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന പരാതി പ്രകാരമായിരുന്നു പരിശോധന.