തൃശൂർ: അയ്യന്തോൾ ഗവ.ലോ കോളേജിലെ ഹോസ്റ്റൽ വിഷയം സംബന്ധിച്ച തർക്കത്തിൽ കെ.എസ്.യു പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് നിഖിൽ ദാമോദരൻ, ജില്ലാ സെക്രട്ടറി അനീഷ് ആന്റണിയും യൂണിറ്റ് ഭാരവാഹി ജെറിൻ എന്നിവരും തമ്മിലുള്ള തർക്കമാണ് പിന്നീട് ഇരു വിഭാഗങ്ങളായി മാറി അടിയിലേക്കെത്തിയത്. രണ്ട് തവണയായി ചേരിതിരിഞ്ഞ് പ്രവർത്തകർ തമ്മിൽത്തല്ലി.
കെ.എസ്.യു കാലങ്ങളായി കൈവശം വെച്ചിരുന്ന സമീപത്തെ 'അപ്‌സര' എന്ന് വിളിക്കുന്ന ഹോസ്റ്റൽ മുറി വാടക നൽകാതെ കുടിശികയായിരുന്നു. ജെറിൻ കുടിശിക തീർത്ത് ഇത് എസ്.എഫ്.ഐ പ്രവർത്തകർക്ക് നൽകാൻ ശ്രമിച്ചുവെന്ന് പറയുന്നു. ഇത് സംബന്ധിച്ച വാക്കു തർക്കമാണ് അടിയിലേക്കേത്തിയത്. വിഷയം അറിഞ്ഞ് ഹോസ്റ്റൽ കൈമാറിയതിനെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ നിഖിൽ ചോദ്യം ചെയ്തു.
ആദ്യം ഉന്തും തള്ളും കൈയാങ്കളിയുമായി പ്രവർത്തകർ പിരിഞ്ഞുവെങ്കിലും പിന്നീട് വീണ്ടും ഇരുകൂട്ടരുമെത്തി അടിയുണ്ടാവുകയായിരുന്നു. ഐ ഗ്രൂപ്പിലെ രണ്ട് ചേരികളാണ് പരസ്യമായി തമ്മിൽത്തല്ലിയത്. സംഭവത്തിൽ നിഖിൽ കെ.എസ്.യു കോളേജ് യൂണിറ്റ് കമ്മിറ്റിയും ഡി.സി.സിക്കും, കെ.എസ്.യു സംസ്ഥാന കമ്മിറ്റിക്കും എൻ.എസ്.യുവിനും പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ അറിയിച്ചു.