തൃശൂർ : നഗരത്തിലെ കുടിവെള്ള വിതരണ പൈപ്പിലൂടെ ചെളിവെള്ളം വരുന്നത് സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട് കൗൺസിലർമാർ പീച്ചിയിലെ ജലശുദ്ധീകരണ ശാല സന്ദർശിച്ചു. എന്നാൽ അവിടെ ചെളിവെള്ളത്തിന്റെ അംശം കണ്ടെത്താനായില്ല. മേയർ അജിതാ ജയരാജന്റെ നേതൃത്വത്തിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാരായ ജോൺ ഡാനിയേൽ, എം.എസ്. സമ്പൂർണ്ണ, ഷീബ ബാബു, എം.എൽ. റോസി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.

കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു സന്ദർശനം. ഇതിനിടെ തൃശൂർ നഗരത്തിൽ പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്ന കുടിവെള്ള വിതരണത്തിൽ ചെളികലങ്ങിയ സംഭവത്തിൽ കോർപറേഷൻ പരിഹാര നടപടി ആരംഭിച്ചു. പീച്ചിയിൽ നിന്നും തൃശൂർ നഗരത്തിലേക്ക് കുടിവെള്ള വിതരണം ചെയ്യുന്ന പൈപ്പ് ലൈനിൽ ചെളി വെള്ളം കലരുന്നത് തടയുന്നതിനായി ചേംബർ സ്ഥാപിക്കുന്ന നടപടികളാണ് നടക്കുന്നത്. പൈപ്പ് ലൈനിൽ സ്ഥാപിച്ചിരിക്കുന്ന വാൽവുകൾക്ക് സമീപമാണ് ചെളിവെള്ളം പുറത്തേക്ക് തള്ളിവിടുന്നതിനായുള്ള ചേംബർ ഘടിപ്പിക്കുന്നത്.

കോർപറേഷൻ പരിധിയിൽ കഴിഞ്ഞ ഒരു മാസത്തോളമായി വിതരണം ചെയ്യുന്ന വെള്ളത്തിൽ ചെളി കലങ്ങിയത് വ്യാപക പരാതിക്കിടയാക്കിയിരുന്നു. അതേസമയം പീച്ചിയിൽ നിന്നുള്ള ജലവിതരണക്കുഴലുകളുടെ മഴക്കാല പൂർവ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് തൃശൂർ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതണം മുടങ്ങുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.