കൊടുങ്ങല്ലൂർ: തീരദേശത്ത് മൂന്നാം ദിനവും രൂക്ഷമായ വേലിയേറ്റം തുടർന്നതോടെ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയവരുടെ എണ്ണം ഇന്നലത്തോടെ 400ൽ അധികമായി. വേലിയേറ്റം എടവിലങ്ങ് വില്ലേജിലും രൂക്ഷമായതോടെയാണ് കാര സെന്റ് ആൽബന സ്കൂളിൽ കൂടി ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.

എറിയാട് ചന്തയ്ക്ക് പടിഞ്ഞാറ് ഭാഗത്തെ രൂക്ഷമായ കടലേറ്റത്തിൽ നൂറിലേറെ വീടുകൾ വെള്ളത്തിലാണ്. ഇന്നലെ 20 വീടുകളിൽ നിന്നുള്ളവർ കൂടി എറിയാട് ഗവ. കേരളവർമ്മ ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ആദ്യദിനം 94 വീടുകളിൽ നിന്നുള്ളവരാണ് ഇവിടെയെത്തിയത്. ഇതോടെ ഇവിടത്തെ ക്യാമ്പിലെത്തിയവരുടെ എണ്ണം 407 ആയി. എടവിലങ്ങിലെ കാര, വാക്കടപ്പുറത്ത് നിന്നും നാല് വീടുകളിൽ നിന്നും 13 പേരാണ് കാര സെന്റ് ആൽബന സ്‌കൂളിൽ അഭയാർത്ഥികളായത്. എടവിലങ്ങിലെ പുതിയ റോഡ് ഭാഗത്തെ അറപ്പ പൊട്ടിച്ചത് തീരദേശത്തെ വെള്ളക്കെട്ടിന് അൽപ്പം ശമനമേകി.

നിയുക്ത എം.പി. ബെന്നി ബഹനാൻ ഇന്നലെ ദുരിത ബാധിത മേഖലകളിൽ സന്ദർശനം നടത്തി. പേബസാർ, ലൈറ്റ് ഹൗസ്, ആറാട്ടുവഴി, ചേരമാൻ, കാര വാക്കടപ്പുറം എന്നിവിടങ്ങളിലാണ് ബെന്നി ബഹനാനെത്തിയത്. കോൺഗ്രസ് നേതാക്കളായ ടി.എം.നാസർ, അഡ്വ. മഹേഷ്, പി.കെ. ഷംസുദ്ദീൻ, പി.പി. ജോൺ തുടങ്ങിയ കോൺ.നേതാക്കൾക്കൊപ്പമാണ് എത്തിയത്.. ഇതറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സബാഹ്, അംബിക ശിവപ്രിയൻ തുടങ്ങിയവരും എത്തി. തീരമേഖലയുടെ സുരക്ഷയ്ക്ക് നടപടി സ്വീകരിക്കുമെന്ന് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് നിയുക്ത എം.പിയോട് നാട്ടുകാർ പരാതിപ്പെട്ടു. ഓഖി പ്രതിഭാസത്തെ തുടർന്ന് വേലിയേറ്റമുണ്ടായപ്പോൾ ഹൈവേ ഉപരോധമുൾപ്പെടെയുള്ള സമരം നടത്തിയ നാട്ടുകാരോട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ ഉറപ്പു നൽകിയിരുന്നു.