തൃശൂർ : സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ അവാർഡ്, പുരോഗമന കാർഷികാശയ പ്രയോക്താക്കൾക്കുള്ള ജഗ്ജീവൻ റാം ദേശീയ പുരസ്‌കാരം എന്നിവക്കർഹനായ കർഷകന് ഏലത്തോട്ടത്തിൽ മരം വീണ് ദാരുണാന്ത്യം. കട്ടപ്പന നരിയമ്പാറ സ്‌കൂൾ കവലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ മരം ഒടിഞ്ഞ് വീണ് തൃശൂർ പട്ടിക്കാട് കല്ലാനിക്കൽ സിബിയാണ് (49) മരിച്ചത്.
അപകടത്തിൽ തടിയമ്പാട് മുളക് വള്ളി പുന്നപ്പാലയ്ക്കൽ ടോമി ജോണിന് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3.30നായിരുന്നു അപകടം. തോട്ടത്തിൽ ഏലത്തൈകൾ വാങ്ങാനെത്തിയവരാണ് ഇരുവരും. തൈകൾ വാങ്ങിയ ശേഷം തോട്ടം കാണുന്നതിനിടയിലായിരുന്നു അപകടം. തോട്ടത്തിൽ നിന്നിരുന്ന വലിയ മരത്തിന്റെ ഒരു ഭാഗം ഒടിഞ്ഞ് വീഴുകയായിരുന്നു. ഒടിഞ്ഞ് വീണ മരത്തിന്റെ ശിഖരങ്ങൾ ടോമിയുടെയും സിബിയുടെയും മേൽ പതിച്ചു. എന്നാൽ തോട്ടമുടമ ഞള്ളാനി ജോൺ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
അപകടം നടന്ന സമയത്ത് വൻതോതിലുള്ള മഴയോ കാറ്റോ ഉണ്ടായിരുന്നില്ല. കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് സിബിയെ കൊണ്ടുപോയെങ്കിലും നില അതീവ ഗുരുതരമായതിനെ തുടർന്ന് തിരികെ കട്ടപ്പന ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലേയ്ക്ക് മാറ്റുന്നതിനിടയിൽ മരിക്കുകയായിരുന്നു. ടോമിയുടെ പരിക്ക് ഗുരുതരമല്ല. ഏലം കർഷകരാണ് ഇരുവരും. മരം വീണ് 30 സെന്റോളം സ്ഥലത്തെ ഏലച്ചെടികളും നശിച്ചു.
പട്ടിക്കാടുള്ള 25 ഏക്കർ കൃഷിയിടത്തിൽ തന്റെ പ്രയത്‌നം കൊണ്ടാണ് നേട്ടങ്ങളുടെ നൂറുമേനി വിളയിച്ചത്. തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പ്രദർശനങ്ങളുടെ വേദിയാണ് സിബിയുടെ മരങ്ങളും ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പക്ഷി മൃഗാദികളുമടങ്ങുന്ന കൃഷിയിടം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാർഷികാശയങ്ങൾ രാജ്യത്ത് പ്രചരിപ്പിക്കാൻ ഒരു ലക്ഷം രൂപയുടെ യാത്രാബത്തയും അടങ്ങുന്ന ദേശീയ പുരസ്‌കാരത്തിനായിരുന്നു സിബി അർഹനായത്. ഉത്തർപ്രദേശിലെ കർഷകനായ ആഗ്യറാമുമായാണ് പുരസ്‌കാരം പങ്കിട്ടത്. ഭാര്യ: സ്വപ്‌ന. മക്കൾ: ടാനിയ, തരുൺ. സംസ്കാരം പിന്നീട്