cartoon-controversy

തൃശൂർ:മതപ്രതീകങ്ങളെ അവഹേളിക്കുന്ന കാർട്ടൂണാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന ആക്ഷേപവുമായി കെ.സി.ബി.സി. രംഗത്തെത്തിയതോടെ ലളിതകലാ അക്കാഡമിയുടെ ഈ വർഷത്തെ കാർട്ടൂൺ അവാർഡ് പ്രഖ്യാപനം വിവാദമായി. ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന് ഡൽഹിയിൽ മന്ത്രി എ.കെ. ബാലൻ പ്രതികരിച്ചു. അവാർഡ് പുനഃപരിശോധിക്കുമെന്ന് അക്കാഡമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോയെ കളിയാക്കുന്ന തരത്തിൽ ഹാസ്യകൈരളി മാസികയിൽ വരച്ച കാർട്ടൂണിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്. പുരസ്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അക്കാഡമിയുടെ തൃശൂരിലെ ആസ്ഥാന ഓഫീസിലേക്കും സെക്രട്ടറിയുടെ ഫോണിലേക്കും നിരവധി പേർ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. അപായപ്പെടുത്തുമെന്ന് വരെ ഭീഷണിയുള്ളതിനാൽ ഇന്ന് പൊലീസിൽ പരാതി നൽകുമെന്ന് പൊന്ന്യം ചന്ദ്രൻ കേരള കൗമുദിയോട് പറഞ്ഞു.

ക്രിസ്ത്യൻ ന്യൂനപക്ഷം തിരഞ്ഞെടുപ്പിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റ് പാർട്ടിയുടെ വിലയിരുത്തലാണോ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പ്രചോദനമെന്ന് സംശയിക്കുന്നതായി കെ.സി.ബി.സി. വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു. ബിഷപ് ഫ്രാങ്കോയുടെ പേരിൽ ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിന് പകരം അപമാനകരമായ ചിഹ്നം വരച്ച് അവഹേളിച്ചത്. പുരസ്‌കാരം പിൻവലിച്ച് സമൂഹത്തോടും, മതപ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും അക്കാഡമി ഭാരവാഹികൾ മാപ്പുപറയണം. ഇതാണോ ഇടത് സർക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്ന് സാംസ്‌കാരികമന്ത്രി വ്യക്തമാക്കണമെന്നും ഫാ. വർഗീസ് ആവശ്യപ്പെട്ടു.

 സഭയുടേത് അസഹിഷ്ണുത

വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് സഭ പ്രകടിപ്പിക്കുന്നതെന്ന് അക്കാഡമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കുന്ന കാർട്ടൂണായിരുന്നു കഴിഞ്ഞ വർഷം തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി തന്നെയാണ് പുരസ്‌കാരം നൽകിയതും. അത്തരം സഹിഷ്ണുത ഇക്കുറിയും പ്രതീക്ഷിച്ചു. സഭയും വിശ്വാസികളും സമൂഹത്തിന്റെ ഭാഗമാണ്. സഭയുടെ ആളുകൾ പറയുന്നത് തെറ്റ് ചെയ്തെങ്കിൽ ഫ്രാങ്കോ മുളയ്‌ക്കലിനെക്കുറിച്ച് വരച്ചോളൂ എന്നാണ്. പാലക്കാട് പി.കെ. ശശിക്കെതിരെ പൊലീസിൽ പരാതി ഇല്ലാതിരുന്നപ്പോഴാണ് അദ്ദേഹത്തെ പറ്റി പലരും പത്രങ്ങളിൽ മോശമായ കാർട്ടൂൺ വരച്ചത്.