വടക്കാഞ്ചേരി: തൃശൂർ ഭാഗത്തു നിന്നുള്ളവർക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താനുള്ള എളുപ്പമാർഗമാണ് മുളങ്കുന്നത്തുകാവ് റെയിൽവേ മേൽപ്പാലം. നിരന്തരമായ നിവേദനങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് മേൽപ്പാലം യാഥാർത്ഥ്യമായത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പണികഴിപ്പിച്ച മേൽപ്പാലത്തിലൂടെ സന്ധ്യ കഴിഞ്ഞാലുള്ള യാത്ര ഇപ്പോഴും ഭയപ്പാടുണ്ടാക്കും.
ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷവും മേൽപ്പാലത്തിൽ ഒരു വിളക്കുകാലെങ്കിലും സ്ഥാപിക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. നിർമ്മാണച്ചെലവിന്റെ പേരിൽ മുറ തെറ്റാതെ ടോൾപിരിവ് തുടരുമ്പോഴാണ് ഈ ദുർഗതി. പല പാലങ്ങളുടെയും ടോൾപിരിവ് സർക്കാർ മാറ്റിയെങ്കിലും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള പ്രധാന മേൽപ്പാലത്തിൽ മാത്രം ടോൾ പിരിക്കുന്നത് തുടരുന്നു.
ടോൾ പിരിക്കുന്നതിൽ പൊതുജനങ്ങൾക്ക് പരാതിയില്ലെങ്കിലും വിളക്ക് തെളിക്കാൻ അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ ശക്തമായ അമർഷമുണ്ട്. സന്ധ്യ കഴിഞ്ഞാൽ പാലവും പരിസരവും കൂരിരുട്ടിൽ അമരും. അതിനാൽ സന്ധ്യ കഴിഞ്ഞാൽ ഇതുവഴിയുള്ള യാത്ര ഭയാനകവും അപകടകരവുമാണെന്ന് നാട്ടുകാർ പറയുന്നു. പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ജനകീയാവശ്യം ശക്തമാണ്.