തൃശൂർ: നഗരത്തിലെ ടാപ്പുകളിലൂടെ ചെളി കലർന്ന വെള്ളം ഒഴുകുന്നത് സംബന്ധിച്ച് കോർപറേഷൻ കൗൺസിൽ പ്രക്ഷുബ്ധം. ബി.ജെ.പി കൗൺസിലർമാർ ചെളിവെള്ളവുമായി കുത്തിയിരിപ്പ് നടത്തി. ബി.ജെ.പി കൗൺസിലർമാരായ എം.എസ്. സമ്പൂർണയും പൂർണിമ സുരേഷും മാലിന്യം അടിഞ്ഞുകൂടിയ വെള്ളം ശേഖരിച്ച കുപ്പികളുമായാണ് യോഗത്തിനു എത്തിയത്. പ്രതിഷേധിച്ച ശേഷം അവർ നടുത്തളത്തിൽ കുത്തിയിരുന്നു.
വാട്ടർ അതോറിറ്റി കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്ന് യോഗാരംഭത്തിൽ പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ കുറ്റപ്പെടുത്തി. അമിതനിരക്ക് ഈടാക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കണം. പ്രതിഷേധസൂചകമായി നഗരപരിധിയിലെ കൗൺസിലർമാർ കൗൺസിലിൽ കുത്തിയിരിക്കുമെന്നും അറിയിച്ചു.
ചെളിവെള്ളം വരുന്നതു സംബന്ധിച്ച് പഠിക്കാൻ റിട്ടയർ ചെയ്ത വിദഗ്ദ്ധരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജോൺ ഡാനിയേൽ ആവശ്യപ്പെട്ടു. ചെളിവെള്ളവും ചെളിറോഡുമാണ് ഇടതുഭരണത്തിന്റെ സംഭാവനയെന്നും വിമർശിച്ചു.
നഗരത്തിലെ ചെളിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനു തുടർച്ചയായ ശ്രമങ്ങൾ വേണ്ടിവരുമെന്ന് മേയർ അജിത വിജയൻ വ്യക്തമാക്കി. എവിടെയാണ് പ്രശ്‌നമെന്നതു സംബന്ധിച്ചു പഠിച്ചുവരുകയാണ്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുമായി ബന്ധപ്പെട്ട് പരിഹാരനടപടികളെ കുറിച്ചു സംസാരിക്കും.
നഗരത്തിലെ നാലു കുടിവെള്ള ടാങ്കുകളും ശുദ്ധീകരിച്ചുവെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുള്ളത്. എന്നാൽ കൗൺസിലർമാരുടെ സാന്നിദ്ധ്യത്തിൽ ഇവ വീണ്ടും പരിശോധിച്ചു ചെളിയില്ലെന്നു ഉറപ്പുവരുത്തും.
അതേസമയം നിർവഹണ നിരക്ക് 16 ൽ നിന്നു 40 ശതമാനമാക്കി വാട്ടർ അതോറിറ്റി ഏകപക്ഷീയമായി ഉയർത്തിയെന്ന് ഡെപ്യൂട്ടി മേയർ റാഫി ജോസ് പറഞ്ഞു. വെള്ളമെത്തിക്കാൻ മുമ്പു പ്രതിമാസം ആറുലക്ഷം രൂപ നൽകിയിരുന്നത് 34.2 ലക്ഷമാക്കി ഒറ്റയടിക്ക് ഉയർത്തി. 600 ശതമാനമാണ് വർദ്ധന. എന്നിട്ടും ഇതു ചർച്ചാവിഷയമായില്ല. കോർപറേഷൻ പരിധിയിലെ ഫ്‌ളാറ്റ്, ഹോട്ടൽ സമുച്ചയങ്ങളിൽ നിന്നു മലിനജലവും സെപ്‌റ്റിക് ടാങ്ക് മാലിന്യങ്ങളും പൊതുകാനകളിലേക്കു തുറന്നുവിടുകയാണെന്ന് കെ. മഹേഷ് ആരോപിച്ചു. ഈ നിയമവിരുദ്ധ പ്രവൃത്തി ചെയ്യുന്നവർക്ക് എതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതു കണ്ടെത്താൻ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.