കൊടുങ്ങല്ലൂർ: എറണാകുളം, തൃശൂർ ജില്ലകളുടെ തീരദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം ജങ്കാർ സർവീസ് പുനരാരംഭിക്കുവാൻ വേണ്ട നടപടികൾ ത്വരിതപ്പെടുത്തുവാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. തകർന്നുപോയ ബൊള്ളാർഡ് പുനഃസ്ഥാപിക്കുന്നതിന് ജില്ലാപഞ്ചായത്ത് തീവ്രശ്രമം നടത്തിയെങ്കിലും ഇതുവരെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. സങ്കീർണമായ സാങ്കേതികത്വം മറികടക്കുന്നതിനും ജില്ലാ പഞ്ചായത്ത്, ഹാർബർ എൻജിനീയറിംഗ് എന്നിവയുടെ വകുപ്പുതല ഏകോപനം സാധ്യമാക്കേണ്ടതുള്ളതുകൊണ്ടും രണ്ട് ജില്ലകളുടെ ഭരണാധികാരികളുടെ പ്രവർത്തനം സംയോജിപ്പിക്കേണ്ടതുള്ളതുകൊണ്ടും മുഖ്യമന്ത്രി തന്നെ ഇടപെട്ട് ജങ്കാർ സർവീസ് പുനരാരംഭിക്കണമെന്നാണ് എം.എൽ.എ കത്തിൽ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇതിന് മുൻപും മുഖ്യമന്ത്രിക്ക് എം.എൽ.എ കത്ത് നൽകിയിരുന്നു.