ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ ബാധിത പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടരുന്നത് ഒഴിവാക്കാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യോഗം തീരുമാനിച്ചു. ചാവക്കാട് മേഖലയിലുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം.
കടലിൽ നിന്നുള്ള ചെളിവെള്ളം കെട്ടിനിൽക്കുന്നത് മൂലം പകർച്ചവ്യാധി പടരാതിരിക്കാൻ ആരോഗ്യ വകുപ്പിന്റെ സഹായം പ്രധാനമാണ്.അതിനാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രവർത്തനം നടത്താനും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. വീടുകളിൽ വെള്ളം കയറി നാശനഷ്ടവും കേടുപാടും സംഭവിച്ചവർക്ക് അടിയന്തര സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി അദ്ധ്യക്ഷനായി. വടക്കെക്കാട് പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യ ഗിരീഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. മുസ്താഖലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എ. സഫൂറ, സാജിത ഹംസ, മെമ്പർമാരായ മുൻ പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത്, വി. സുബൈദ, ആലത്തയിൽ മൂസ, ജസീറ നസീർ, ടി.സി. ചന്ദ്രൻ, നസീമ, ഷമീറ കാദർ, ബി.ഡി.ഒ: കെ.എം. വിനീത്, ജെ.ബി.ഡി.ഒ: കെ.ടി. രേണുക, എം.വി. സനൽകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.