തൃശൂർ: മഴ ആരംഭിച്ചതോടെ പനി ബാധിതരുടെ എണ്ണവും വർദ്ധിച്ചു. രണ്ട് ദിവസങ്ങളിലായി ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ 1500 ഓളം പനി ബാധിതർ ചികിത്സ തേടി. സ്വകാര്യ ആശുപത്രികളിലേത് കൂടി കണക്കാക്കുമ്പോൾ എണ്ണം കൂടും. ഇന്നലെ രണ്ട് എച്ച് വൺ എൻ വൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എലിപ്പനി പടരാനുള്ള സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. തൃശൂർ നഗരത്തിൽ ആദ്യം റിപ്പോർട്ട് ചെയ്ത മഞ്ഞപ്പിത്തം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയാണ്. ഏറ്റവും ഒടുവിൽ നെന്മണിക്കരയിലാണ് കൂടുതൽ മഞ്ഞപ്പിത്തബാധയുള്ളത്. എച്ച് വൺ എൻ വണിനെതിരെ മുൻകരുതൽ സ്വീകരിച്ചെങ്കിലും പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കേസുകൾ സൂചിപ്പിക്കുന്നത്. കൊതുകുജന്യ രോഗങ്ങളാണ് പനിക്ക് പ്രധാന കാരണം. മഴക്കാലമായതോടെ കൊതുകു ശല്യം രൂക്ഷമായി. കൊതുകു കടി കൊള്ളാതെ നോക്കലാണ് ഇക്കാര്യത്തിൽ ഏറ്റവും പ്രധാനമെന്നാണ് ആരോഗ്യവിദ്ഗ്ദ്ധരുടെ മുന്നറിയിപ്പ്.

ഈഡീസ് കൊതുകുകളെ സൂക്ഷിക്കണം


ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ പകൽസമയത്താണ് കടിക്കുന്നത്. പകൽ കൊതുകു കടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകു നശീകരണമാണ് ഡെങ്കിപ്പനി തടയാനുള്ള പ്രധാന വഴി. തെളിഞ്ഞ വെള്ളത്തിൽ മുട്ടയിടുന്ന ഈഡിസ് കൊതുകുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കാൻ ശ്രദ്ധിക്കണം. വലിച്ചെറിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, ടയർ, മുട്ടത്തോട്, പൂച്ചെട്ടികൾ, ഫ്രിഡ്ജിന് പിറകിൽ കെട്ടിക്കിടക്കുന്ന വെള്ളം എന്നിവ എല്ലാ ദിവസവും വൃത്തിയാക്കണം. പറമ്പിലും തോട്ടങ്ങളിലും വീണുകിടക്കുന്ന പാളകളിലും ചിരട്ടകളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കണം. മാലിന്യ നിർമാർജനം വളരെ പ്രധാനമാണ്. വെള്ളം സൂക്ഷിക്കുന്ന സംഭരണികൾ എല്ലാം അടച്ചുവയ്ക്കുകയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും വേണം.

 ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കണം. കഴിക്കുന്നതിന് മുമ്പ് കൈ നന്നായി കഴുകണം. ഭക്ഷണം തുറന്നു വയ്ക്കരുത്. ഈച്ചയുടെ സാന്നിദ്ധ്യം പെരുകാനുള്ള മലിനമായ സാഹചര്യം ഒഴിവാക്കുക. തെരുവോരങ്ങളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് സൂക്ഷിക്കണം. രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. മഴക്കാല രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാം.

 ജലദോഷവും വൈറൽ ഫീവറും അകറ്റാൻ

മൂക്ക്, വായ എന്നിവയിലൂടെയാണ് ശ്വാസകോശ അണുബാധകൾ, എച്ച്1 എൻ1, വൈറൽ ഫീവർ മുതലായ രോഗങ്ങൾ പകരുന്നത്. വൃത്തിഹീനമായ കൈകളുപയോഗിച്ച് ഈ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ നിർബന്ധമായും വൃത്തിയുള്ള തൂവാല ഉപയോഗിച്ച് വായും മുഖവും മൂടേണ്ടതാണ്. തുറസായ സ്ഥലത്ത് തുപ്പാതിരിക്കുക.

പനി ബാധിതർ ഇന്നലെ 700

 രോഗബാധിതരുടെ

ജനുവരി മുതലുള്ള കണക്ക്

ഡെങ്കിപ്പനി 15

എച്ച് വൺ എൻ വൺ 62

മഞ്ഞപ്പിത്തം 158