മാള: പേരിനൊപ്പം നാടിനെ ചേർത്തുവെച്ച വാദ്യകുലപതി അന്നമനട പരമേശ്വര മാരാർക്ക് അന്നമനട കലാഗ്രാമം വികാരനിർഭരമായി വിടചൊല്ലി. തന്നോടൊപ്പം വാദ്യ രംഗത്ത് അന്നമനടയെന്ന ഗ്രാമത്തെയും പ്രസിദ്ധമാക്കിയാണ് പരമേശ്വര മാരാർ മണ്ണിലേക്ക് മടങ്ങിയത്. പരമേശ്വര മാരാരുടെ മൃതദേഹം അന്നമനട പഞ്ചായത്തിന്റെ സ്മൃതി മണ്ഡപത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് പേരാണ് അന്ത്യോപചാരം അർപ്പിച്ചത്.
ജന്മം കൊണ്ട് മാത്രമല്ല കർമ്മ മേഖലയിലും അന്നമനടയെ കൈവിടാതെ സൗഹൃദം കാത്തുസൂക്ഷിച്ച പരമേശ്വര മാരാരെ അവസാനമായി കാണാൻ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരാണ് എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ അന്നമനടയിലേക്ക് കൊണ്ടുവന്ന ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിക്കാനും വണങ്ങാനും നിരവധി പേരാണ് കാത്തുനിന്നത്. രണ്ട് മണിക്കൂറോളം പൊതുദർശനത്തിന് വച്ചപ്പോൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാദ്യ രംഗത്തുള്ളവരും രാഷ്ട്രീയ നേതാക്കളും വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ സംഘടനകളും അടക്കമുള്ളവർ പുഷ്പചക്രം അർപ്പിച്ചു.
ടി.എൻ പ്രതാപൻ എം.പി., ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മുൻ എം.എൽ.എമാരായ ടി.യു രാധാകൃഷ്ണൻ ,യു.എസ് ശശി, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി , പഞ്ചായത്ത് പ്രസിഡന്റുമാരായ ടെസി ടൈറ്റസ്, സിജി വിനോദ് , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. നിർമ്മൽ സി പാത്താടൻ തുടങ്ങിയവരും പുഷ്പപചക്രം അർപ്പിച്ചു...