sumash-santi
പുതക്കാട് പാലീസ് സ്റ്റേഷനില്‍ വിജിത്തിന് സുമേഷ് ശാന്തി പഴ്‌സ് കൈമാറുന്നു

പുതുക്കാട്: ദേശീയപാതയിലൂടെ രാത്രിയിൽ ബൈക്കിൽ വരുമ്പോൾ കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥന് കൈമാറി ശാന്തിക്കാരൻ മാതൃകയായി. പാഴായി അമ്പഴപ്പിള്ളി വീട്ടിൽ സുമേഷാണ് നന്തിക്കരയിലെ പാതയോരത്ത് കിടക്കുന്ന പഴ്‌സ് പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പതിനായിരം രൂപയും നാല് എ.ടി.എം കാർഡുകളും എതാനും വിലപ്പെട്ട രേഖകളുമായിരുന്നു പഴ്‌സിൽ ഉണ്ടായിരുന്നത്.

എറണാംകുളം ചെറായി സ്വദേശി പുറക്കാട്ട് വീട്ടിൽ വിജിത്തിന്റേതായിരുന്നു പഴ്‌സ്. കണ്ടെയ്‌നർ ലോറി ഡ്രൈവറായ വിജിത്ത് ലോറിയുമായി തമിഴ്‌നാട്ടിലേക്ക് പോവുമ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ടത്. ലോറി പാർക്ക് ചെയ്ത് തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ച് പണം നൽകാൻ നോക്കിയപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽ പഴ്‌സ് ഇല്ലെന്ന് അജിത്ത് അറിയുന്നത്. തുടർന്ന് ലോറിക്കുള്ളിലും റോഡിലും നോക്കിയെങ്കിലും കണ്ടെത്താനായില്ല. നിരാശനായ അജിത്ത് ടോൾ പ്ലാസയിൽ കാത്തു കിടന്ന് പിറകിൽ എത്തിയ മറ്റ് കണ്ടെയ്‌നർ ലോറിക്കാരിൽ നിന്നും പണം കടം വാങ്ങി യാത്ര തുടർന്നു.

ലോറിയിൽ ഡീസൽ അടിക്കാനുള്ള പണമായിരുന്നു നഷ്ടപെട്ടത്. തമിഴ്‌നാട്ടിൽ എത്തിയ ശേഷമാണ് പഴ്‌സ് പുതുക്കാട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം അറിയുന്നത്. അതും സുമേഷ് ഫോൺ ചെയ്ത് വിജിത്തിനെ അറിയിച്ചിരുന്നു. ചാലക്കുടി പരിയാരം തൃപാപ്പിള്ളി ദേവീക്ഷേത്രത്തിലെ ശാന്തിക്കാരനാണ് സുമേഷ്. രാത്രി ക്ഷേത്രനട അടച്ച് ബൈക്കിൽ പുതുക്കാട് പാഴായിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

കണ്ടെയ്‌നറുമായി തമിഴ്‌നാട്ടിൽ നിന്നും തിരിച്ചു വരുമ്പോൾ പുതുക്കാട് സ്റ്റേഷനിലെത്തിയ വിജിത്തിന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സുമേഷ് ശാന്തി പഴ്‌സ് കൈമാറി. പണത്തേക്കാൾ വില പിടിച്ച രേഖകളായിരുന്നു പഴ്‌സിൽ ഉണ്ടായിരുന്നതെന്നും സുമേഷ് ശാന്തിയുടെ പ്രവൃത്തിക്ക് നന്ദി പറഞ്ഞുമാണ് വിജിത്ത് മടങ്ങിയത്.