തൃശൂർ: ഫാസിസത്തിന്റെ അവസ്ഥാന്തരമായ അസമത്വത്തിനെതിരെ കൂട്ടായ പോരാട്ടം അനിവാര്യമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മനുസ്മൃതി യാഥാർത്ഥ്യമാക്കുമെന്ന് പറയുന്ന കേന്ദ്രസർക്കാരും ആർ.എസ്.എസും രാജ്യത്ത് അപകടകരമായ ജാതി വ്യവസ്ഥ തിരികെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
സംഗീത നാടക അക്കാഡമി റീജ്യണൽ തിയേറ്ററിൽ കോസ്റ്റ്‌ഫോർഡ് സംഘടിപ്പിച്ച ഇ.എം.എസ് സ്മൃതി 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന വിഭാവനം ചെയ്യുന്ന ദേശീയതയും ജനാധിപത്യ സമത്വവുമെല്ലാം ഫാസിസത്തിലേക്ക് മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഓരോ പൗരനും അനുവദിക്കപ്പെട്ട സമത്വം മൂല്യാധിഷ്ഠിത വ്യക്തിത്വത്തിലേക്ക് വഴിമാറിയിരിക്കുന്നു. ബി.ജെ.പി ഭരണത്തിൽ അംബാനിമാർ കൂടുതൽ പണക്കാരാകുമ്പോൾ പാവപ്പെട്ടവൻ വീണ്ടും പാവപ്പെട്ടവനായി മാറുന്നു. അസമത്വത്തിന്റെ വിത്തുകൾ സ്വാതന്ത്ര്യ സമര കാലത്തു തന്നെ പാകപ്പെട്ടതാണ്. ഇത് കൊയ്യാനുള്ള പെടാപ്പാടിലാണ് ഫാസിസ്റ്റ് ശക്തികൾ. ഇതിനെതിരെ ശക്തിയുക്തമായി പ്രവർത്തിച്ചതിന്റെ ഫലമാണ് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. ഈ ശക്തമായ അടിത്തറ തന്നെയാണ് കേരളത്തിന്റെ ഇന്ന് കാണുന്ന പല അടിസ്ഥാന സൗകര്യ വികസനത്തിന്റെ മൂലകാരണം. ഉത്തരേന്ത്യയിൽ ജാതീയ, വർഗീയ അധിക്ഷേപങ്ങൾ പെരുകുമ്പോഴും സന്നിഗ്ധ ഘട്ടങ്ങളിൽ ഒറ്റക്കെട്ടായി കേരളം നീങ്ങുന്നത് ശ്ലാഘനീയമാണ്. ഇത്തരം സമത്വ ശീലങ്ങളെ അട്ടിമറിക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ നീക്കം.
ഇതിനെതിരെ സംഘടിത പോരാട്ടം അനിവാര്യമാണെന്നും യെച്ചൂരി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അദ്ധ്യക്ഷനായി. പ്രൊഫ. പ്രഭാത് പട്‌നായിക് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, സാഹിത്യ അക്കാഡമി ചെയർമാൻ വൈശാഖൻ, മുൻ എം.പി പി.കെ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു...