തൃശൂർ: ജില്ലയിൽ മഴക്കെടുതി ഏറ്റവും രൂക്ഷമായ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ മൂന്ന് ക്യാമ്പുകളിലായി 734 പേരെ പാർപ്പിച്ചു. കൊടുങ്ങല്ലൂർ താലൂക്കിലെ രണ്ട് ക്യാമ്പുകളിൽ 196 കുടുംബങ്ങളിലായി 676 പേരും ചാവക്കാട് താലൂക്കിലെ ഏക ക്യാമ്പിൽ 23 കുടുംബങ്ങളിലായി 58 പേരുമാണ് കഴിയുന്നത്. കൊടുങ്ങല്ലൂർ താലൂക്കിൽ കടൽക്ഷോഭം രൂക്ഷമായ എറിയാട് വില്ലേജിൽ മാത്രം ദുരിതാശ്വാസ ക്യാമ്പിൽ 162 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
362 പുരുഷന്മാരും 179 സ്ത്രീകളും 39 കുട്ടികളുമടക്കം 580 പേരാണ് ഇവിടെയുള്ളത്. മറ്റൊരു ക്യാമ്പായ എടവിലങ്ങ് വില്ലേജിൽ 34 കുടുംബങ്ങളിലായി 41 പുരുഷന്മാരും 33 സ്ത്രീകളും 22 കുട്ടികളുമടക്കം 96 പേരാണ് കഴിയുന്നത്. എറിയാട് വില്ലേജിൽ കെ.വി.എച്ച്.എസിലും എടവിലങ്ങ് വില്ലേജിൽ കാര സെന്റ് ആൽബനയിലും വാടാനപ്പിള്ളിയിൽ കോട്ട കടപ്പുറം ജി.എഫ്.യു.പി എസിലുമാണ് ക്യാമ്പ്. കഴിഞ്ഞ ദിവസം 313 കുടുംബങ്ങളിലെ 1,144 പേരാണ് ഈ മൂന്ന് ക്യാമ്പുകളിലായി കഴിഞ്ഞിരുന്നത്. 14 ജൂൺ രാത്രി 11.30 വരെ കാസർകോട് മുതൽ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.
കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്. വേലിയേറ്റ സമയമായ രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകീട്ട് ഏഴ് മുതൽ 8 മണി വരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാദ്ധ്യതയുണ്ട്. തീരദേശ വാസികൾ ജാഗ്രത പാലിക്കണം. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിച്ചു.