മുളങ്കുന്നത്തുകാവ് : അരുണാചൽ പ്രദേശിൽ വ്യോമസേനയുടെ വിമാനം തകർന്ന് മരിച്ച സ്ക്വാഡ്രൻ ലീഡർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ നടുവിലാർ മഠത്തിൽ പരേതനായ ഹരിഹരന്റെ മകൻ വിനോദ് (32) അപകടം നടക്കുന്നതിന് രണ്ടാഴ്ച മുമ്പും കുടുംബവീട് സന്ദർശിച്ച് മടങ്ങിയിരുന്നു. അടുത്ത വരവിന് വീണ്ടും കാണാമെന്ന് പറഞ്ഞ് മടങ്ങിയ വിനോദിന്റെ മരണവാർത്ത നാട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല.
പെരിങ്ങണ്ടൂരിൽ ജനിച്ച് വളർന്ന വിനോദ് കുടുംബസമേതം കോയമ്പത്തൂർ സിങ്കാനെല്ലൂർ വിദ്യാവിഹാർ എൻക്ലേവിലായിരുന്നു താമസിച്ചിരുന്നത്. പെരിങ്ങണ്ടൂരിലെ വീട് പൂട്ടി കിടക്കുകയാണ്. ഇടയ്ക്ക് വിനോദ് അമ്മ തങ്കമണിയോടൊപ്പമാണ് നാട്ടിലെത്താറ്. രണ്ടാഴ്ച മുമ്പ് വിനോദ് നാട്ടിലെത്തിയതും അയൽവാസികളുമായി സൗഹൃദം പങ്കുവച്ച ശേഷം മടങ്ങിയതും നാട്ടുകാർക്ക് ഇപ്പോഴും ഓർമ്മയുണ്ട്. രുക്മിണിയാണ് വിനോദിന്റെ ഭാര്യ. പിതാവ് ഹരിഹരൻ (പിരാടൻ) സൈനികനായിരുന്നു. സഹോദരൻ വിവേകും സൈനികനാണ്.