അരിമ്പൂർ: വിമല കോളേജിൽ പഠിക്കുന്ന 2 വിദ്യാർത്ഥിനികളെ സ്വകാര്യ ബസിലെ കണ്ടക്ടർ അപമാനിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ കാഞ്ഞാണി റൂട്ടിലോടുന്ന എടക്കളത്തൂർ ബസിലെ കണ്ടക്ടർക്കെതിരെയാണ് മനക്കൊടി സ്വദേശികളായ വിദ്യാർത്ഥിനികൾ അന്തിക്കാട് സി.ഐ മുഹമ്മദ് ഹനീഫിന് പരാതി നൽകിയത്. വൈകീട്ട് ക്ലാസ് കഴിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ നിന്നും ബസിൽ കയറിയ വിദ്യാർത്ഥിനികളെ മറ്റു യാത്രക്കാരുടെ മുന്നിൽ വച്ച് ചീത്ത വിളിക്കുകയും, ഇറങ്ങിപ്പോകാൻ ആക്രോശിക്കുകയും, ബസിൽ നിന്നും ഇറക്കി വിടുകയും ചെയ്തതായാണ് പരാതി. തുടർന്ന് മാനസികമായി തകർന്ന നിലയിൽ വീട്ടിലെത്തിയ വിദ്യാർത്ഥിനികൾ രക്ഷിതാക്കളോടൊപ്പം അന്തിക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സ്വകാര്യ ബസുകാരുടെ ധിക്കാരപരമായ നടപടിക്കെതിരെ മോട്ടോർ വാഹന വകുപ്പും കളക്ടറും ഇടപെട്ട് സഞ്ചാര സ്വാതന്ത്ര്യമൊരുക്കണമെന്നും ഇവർ പറഞ്ഞു.