ചാലക്കുടി: കോടശ്ശേരി, അതിരപ്പിള്ളി മേഖലയുടെ സമഗ്രവികസനത്തിന് വഴിതെളിക്കുന്ന മലയോര ഹൈവേയുടെ അതിർത്തി നിർണ്ണയത്തിന് തുടക്കം. കോടശേരി പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡിനുള്ള അതിർത്തി നിർണ്ണയമാണ് ആരംഭിച്ചത്. വെള്ളിക്കുളങ്ങര സ്‌കൂൾ ജംഗ്ഷൻ മുതൽ വെട്ടിക്കുഴി വരെയുള്ള പതിനെട്ടര കിലോമീറ്റർ ദൂരമാണ് മലയോര ഹൈവേയുടെ ജില്ലയിലെ മൂന്നാം റീച്ചായി ഇവിടെ നടക്കുന്നത്.
നിലവിൽ ഒമ്പത് മീറ്റർ റോഡ് പന്ത്രണ്ട് മീറ്റർ വീതിയാക്കി ഉയർത്തി 79 കോടി രൂപ ചെലവിലാണ് മലയോര ഹൈവേ നിർമ്മിക്കുന്നത്. റോഡിന് വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകും. ഭൂമി വിട്ടുനൽകുന്നതിന്റെ സമ്മതപത്രം അടക്കമുള്ള രേഖകൾ കൈമാറും. തുടർന്ന് നിർമ്മാണം ആരംഭിക്കും. റോഡ് പൂർത്തിയാകുന്നതോടെ തൃശൂർ ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് ചാലക്കുടിയിൽ പ്രവേശിക്കാതെ പന്ത്രണ്ട് കിലോമീറ്റർ ദൂരം ലാഭിച്ച് എളുപ്പത്തിൽ അതിരിപ്പിള്ളിയിൽ എത്താനാകും.
ഹൈവേയുടെ അതിർത്തി നിർണ്ണയിക്കുന്ന ചടങ്ങ് കോർമലയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. കുഞ്ചു അദ്ധ്യക്ഷനായി. വീരഞ്ചിറ പള്ളി വികാരി ഫാ. ഡേവീസ് കുടിയിരിക്കൽ, കോർമല ആശ്രമം ഡയറക്ടർ ഫാ. ബിജു പുതുശേരി, പഞ്ചായത്ത് അംഗങ്ങളായ ഗീത കേശവൻ, കെ.പി. ജയിംസ്, രാഷ്ട്രീയ പ്രതിനിധികളായ സി.വി. ആന്റണി, ബേബി കളമ്പാടൻ തുടങ്ങിയവർ സംസാരിച്ചു.