കൊടകര: അന്തരിച്ച പഞ്ചവാദ്യ പ്രമാണിയും തിമില വിദ്വാനുമായ അന്നമനട പരമേശ്വര മാരാർക്ക് ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. സർക്കാർ ഔദ്യോഗിക ബഹുമതികളോടെയാണ് കലാകേരളം വിട നൽകിയത്. ഇന്നലെ രാവിലെ പൂനിലാർക്കാവ് ദേവി ക്ഷേത്രത്തിന് സമീപത്തെ എൻ.എസ്.എസ് കരയോഗം ഹാളിൽ പൊതുദർശനം ഉണ്ടായി. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മേള കലാകാരന്മാരും ഉൾപ്പെടെ നൂറ് കണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മുഖ്യമന്ത്രിക്കായി ജില്ലാ കളക്ടർ ടി.വി. അനുപമ റീത്ത് സമർപ്പിച്ചു. തുടർന്ന് പരമേശ്വര മാരാരുടെ ഭാര്യ ശാന്ത മാരസ്യാരെ വസതിയിലെത്തി ആശ്വസിപ്പിച്ചു. മകൻ ഹരീഷ് മാരാരുമായും സംസാരിച്ചു. മന്ത്രി എ.സി മൊയ്തീൻ, മന്ത്രി സി. രവീന്ദ്രനാഥ്, മന്ത്രി വി.എസ്. സുനിൽ കുമാർ എന്നിവർക്കായി പ്രതിനിധികൾ റീത്ത് സമർപ്പിച്ചു. മുൻ എം.പി. പി. രാജീവ്, കെ.പി.സി.സി സെക്രട്ടറിയും മുൻ എം.എൽ.എയുമായ ടി.യു. രാധാകൃഷ്ണൻ, പെരുവനം കുട്ടൻമാരാർ, കലാമണ്ഡലം ഗോപി ആശാൻ, കോങ്ങാട് മധു, കിഴക്കൂട്ട് അനിയൻ മാരാർ, കുനിശേരി ചന്ദ്രൻ, ചോറ്റാനിക്കര വിജയൻ, പരയ്ക്കാട് തങ്കപ്പൻ, ആർ. മോഹനൻ, സംഗീത നാടക അക്കാഡമി സെക്രട്ടറി രാധാകൃഷ്ണൻ നായർ, ടി. വി. ചന്ദ്രമോഹൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ ഡിക്‌സൺ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, പട്ടിക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാനെത്തി. പൊലീസ് ഗാർഡ് ഒഫ് ഓണർ ഉച്ചയ്ക്ക് 12 മണിയോടെ കൊടകരയിൽ നടന്നു. തുടർന്ന് പന്ത്രണ്ടരയോടെ പരമേശ്വര മാരാരുടെ ജന്മസ്ഥലമായ അന്നമനടയിലേക്ക് മൃതദേഹം കൊണ്ടുപോയി.