തൃശൂർ: അംശവടി മതചിഹ്നമല്ലെന്നും അധികാര ചിഹ്നമായതിനാൽ അതിനെ വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ലളിതകലാ അക്കാഡമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ. കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയുടെ പ്രതിഷേധത്തെ തുടർന്ന് കാർട്ടൂൺ അവാർഡ് തീരുമാനം പുന:പരിശോധിക്കാൻ മന്ത്രി എ.കെ ബാലൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതികരണം.
വിവാദത്തെ തുടർന്ന് പൊന്ന്യം ചന്ദ്രനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ ആളുടെ ഫോൺ നമ്പർ സഹിതം പരാതി തൃശൂർ ഈസ്റ്റ് എസ്. ഐക്ക് കൈമാറി. കത്തോലിക്കാ സഭയുടെ പ്രതിനിധി എന്ന് പറഞ്ഞാണ് ഫോൺ വിളി ആരംഭിച്ചത്. ഇരുപത് മിനിറ്റോളം കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് സെക്രട്ടറി അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ പരാമർശിക്കുന്ന കാർട്ടൂണിന് അവാർഡ് കൊടുത്തതിന്റെ പേരിൽ ആക്ഷേപം ഉയർന്നതോടെ തീരുമാനം പുന:പരിശോധിക്കുമെന്ന് ചെയർമാൻ നേമം പുഷ്പരാജും അറിയിച്ചിരുന്നു.
അവാർഡ് പിൻവലിക്കാനുള്ള നീക്കത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത വിമർശനവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കാർട്ടൂണിനെയും പുരസ്‌കാരത്തിന് പരിഗണിച്ചതിനെയും ന്യായീകരിച്ച് അക്കാഡമി രംഗത്ത് വന്നതെന്ന് പറയുന്നു. കെ.സി.വൈ.എം അക്കാഡമി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. പാസ്റ്ററൽ സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് അക്കാഡമിക്ക് മുന്നിൽ പൊലീസ് തടഞ്ഞു. ക്രൈസ്തവ വിശ്വാസങ്ങളെ മുറിവേൽപ്പിക്കുന്ന കാർട്ടൂൺ അവാർഡ് പിൻവലിച്ച്, അക്കാഡമി അധികൃതർ മാപ്പ് പറയണമെന്ന് കെ.സി.വൈ.എം ആവശ്യപ്പെട്ടു.
തൃശൂർ അതിരൂപത കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ബിജു കുണ്ടുകുളം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് സാജൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഡിറ്റോ കൂള, അനൂപ് പുന്നപ്പുഴ, സി.ജെ സാജൻ, ഫാ. റെനാൾഡ് പുലിക്കോടൻ, എം.പി. സിജോ, കരോളിൻ ജ്വോഷാ, അഖിൽ ജോസ്, വില്യംസ് എന്നിവർ പ്രസംഗിച്ചു.