ചാലക്കുടി: മഴ പെയ്തപ്പോൾ കാനയിൽ നിന്നും പൊന്തിയത് കക്കൂസ് മാലിന്യം. ചാലക്കുടി സൗത്ത് ജംഗ്ഷൻ മേൽപ്പാലത്തിന് സമീപം കിഴക്കെ സർവീസ് റോഡിലെ കാനയിൽ നിന്നാണ് മനുഷ്യ വിസർജ്യം അടക്കമുള്ള മാലിന്യം റോഡിലെത്തിയത്. കനത്ത മഴയിൽ ഒഴുകാൻ ഇടമില്ലാതായപ്പോഴാണ് കാനയിലെ അഴുക്ക് മുകളിലെത്തിയത്. ഇതോടെ പരിസരത്ത് മണിക്കൂറുകളോളം അസഹ്യമായ ദുർഗന്ധവും നിലനിന്നു.
പൊതു കാനയിൽ കക്കൂസ് മാലിന്യം എത്തിയത് അജ്ഞാതമാണ്. നഗരത്തിലെ സ്ഥാപനങ്ങളുടെ സെപ്ടിക് ടാങ്കുകളുടെ പൈപ്പ് കാനയിലേക്ക് തിരിച്ചു വിടുന്നുണ്ടെന്നാണ് അനുമാനം. ഹൈവെ നവീകരണവുമായി ബന്ധപ്പെട്ട് വർഷങ്ങളായി റോഡരികിലെ കാനകൾ പലയിടത്തും തടസപ്പെട്ടു കിടക്കുകയാണ്. ഇക്കാരണത്താലാണ് വലിയ മഴയുണ്ടാകുമ്പോൾ ഇത്തരത്തിൽ മാലിന്യം റോഡിലേക്ക് പൊന്തിവരുന്നത്. അല്ലെങ്കിൽ ഇവ നേരെ എത്തിപ്പെടുന്നത് പുഴയിലേക്ക് ആയിരിക്കും.