തൃശൂർ: ലോ കോളേജിൽ ചേരിതിരിഞ്ഞ തല്ലിന് പിന്നാലെ ഡി.സി.സി ഓഫീസിലും കെ.എസ്.യു പ്രവർത്തകരുടെ ഏറ്റുമുട്ടൽ. ജില്ലാ പ്രസിഡന്റ് മിഥുൻ മോഹനും, ജില്ലാ സെക്രട്ടറിയായ നിധീഷ് പാലപ്പെട്ടിയും തമ്മിലുള്ള വാക്ക് തർക്കമാണ് ഉന്തിലും തള്ളിലുമെത്തിയത്. ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു നേതാക്കൾ. സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ നിധീഷ് പാലപ്പെട്ടിയുടെ കുറിപ്പിനെതിരെ മിഥുൻ മോഹന്റെ ഗ്രൂപ്പുകാർ അധിക്ഷേപം ഉന്നയിച്ചിരുന്നു.
ഇത് നിധീഷ് ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് കാരണമെന്ന് പറയുന്നു. ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ജില്ലാ പരിപാടി ആലോചിക്കുന്നതിനാണ് ഡി.സി.സിയിൽ കെ.എസ്.യു ജില്ലാ കമ്മിറ്റി യോഗം ചേർന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് നിഖിൽ ദാമോദരനും, ജനറൽ സെക്രട്ടറി ശിൽപ സി. നായരുമാണ് പങ്കെടുത്തത്. യോഗത്തിൽ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. യോഗം കഴിഞ്ഞ് ഹാളിന് പുറത്തേക്ക് കടക്കുന്നതിനിടെ വാക്കേറ്റം തുടങ്ങി.
ബഹളം കേട്ട് ഓഫീസിലുണ്ടായിരുന്നവർ എത്തിയെങ്കിലും തർക്കം തീർന്നില്ല. ഓഫീസിനുള്ളിൽ കാമറകളുണ്ടെന്നും കേസെടുത്താൽ എല്ലാവരും കുടുങ്ങുമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞെങ്കിലും വാക്കേറ്റം തീർന്നില്ല. നേതാക്കളെത്തി ഓഫീസിൽ നിന്നും മുറ്റത്തേക്കിറക്കിയതോടെ ഉന്തും തള്ളുമായി. ഇതിനിടെ മറ്റുള്ളവരെത്തി പിടിച്ചു മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ലോ കോളേജിൽ ഹോസ്റ്റൽ വിഷയവുമായുണ്ടായ തർക്കത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് ഡി.സി.സി ഓഫീസിലും സംഘർഷമുണ്ടാവുന്നത്. സംഭവത്തിൽ ഡി.സി.സിക്കും, കെ.എസ്.യു സംസ്ഥാന കമ്മിറ്റിക്കും, എൻ.എസ്.യു കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ടെന്ന് നിധീഷും, മിഥുൻ മോഹനും അറിയിച്ചു...