ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ വഴിപാടായി സ്വർണ്ണാഭരണങ്ങൾ എസ്.ബി.ഐയിൽ നിക്ഷേപിക്കുന്നു. സർക്കാർ മിന്റിൽ ശുദ്ധീകരിച്ച ശേഷമാണ് സ്വർണ്ണം എസ്.ബി.ഐയ്ക്ക് നിക്ഷേപമായി കൈമാറുക. എസ്.ബി.ഐയുടെ ഇൻഷ്വറൻസ് പരിരക്ഷയിലാണ് സ്വർണം മുംബയ്‌യിലുള്ള സർക്കാർ മിന്റിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടു പോകുക. ഈ മാസം അവസാനത്തോടെയാകും സ്വർണ്ണാഭരണങ്ങൾ കൊണ്ടുപോകുക. ഇതിനായുള്ള സ്വർണം ഇന്നലെ അളന്നു തിട്ടപ്പെടുത്തി സീൽ ചെയ്തു. 350 കിലോ സ്വർണ്ണം നിക്ഷേപിക്കാനാണ് ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്. എന്നാൽ 325 കിലോ സ്വർണ്ണമാണ് ഇന്നലെ അളന്ന് തിട്ടപ്പെടുത്തിയത്. ബാക്കിയുള്ള സ്വർണാഭരണങ്ങൾ വിലപിടിപ്പുള്ള കല്ലുകൾ പതിച്ചവയായതിനാൽ നിക്ഷേപത്തിനായി എടുക്കുന്നില്ല. രത്‌നങ്ങളുടെ വില തിട്ടപ്പെടുത്താനുള്ള പ്രയാസം മൂലമാണിത്.

ശുദ്ധീകരണ പ്രക്രിയയ്ക്കാണ് ദേവസ്വം മുംബയ് മിന്റിനെ ആശ്രയിക്കുന്നത്. സ്വർണ്ണ വില കണക്കാക്കി നിക്ഷേപത്തിന് രണ്ടര ശതമാനം പലിശ ദേവസ്വത്തിന് ലഭ്യമാകും. ഭക്തർ സമർപ്പിച്ച 2018 വരെയുള്ള സ്വർണ്ണ വരവാണ് ബാങ്കിൽ നിക്ഷേപിക്കാനൊരുങ്ങുന്നത്. എട്ടു വർഷം മുമ്പും ഇത്തരത്തിൽ സ്വർണം ശുദ്ധീകരിച്ച് ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇത് ശരാശരി 600 കിലോയോളം വരുമെന്നാണ് അനൗദ്യോഗിക കണക്ക്.

ഇത്തരത്തിൽ സ്വർണ്ണം ബാങ്കിൽ നിക്ഷേപിക്കുന്നതോടെ ദേവസ്വത്തിന് ഇൻഷ്വറൻസ് പ്രീമിയം ലാഭകരമാക്കാം. സ്വർണ്ണം പരിശോധിച്ച് അളന്നു തിട്ടപ്പെടുത്തുന്ന പ്രവൃത്തിയിൽ അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ, ഭരണ സമിതി അംഗങ്ങളായ പി. ഗോപിനാഥൻ, എം. വിജയൻ, എ.വി. പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എസ്.ബി.ഐ മാനേജർ വിഷ്ണു, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.ആർ സുനിൽ കുമാർ എന്നിവർ സന്നിഹിതരായി..