കൊടുങ്ങല്ലൂർ: തീരദേശത്ത് കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളോട് ഇനിയെങ്കിലും നീതിപുലർത്താൻ ഭരണകൂടം തയ്യാറാകണമെന്ന് അഖില കേരള ധീവരസഭ കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കടൽ വെള്ളം കയറി വാസയോഗ്യമല്ലാതായ മുഴുവൻ കുടുംബങ്ങൾക്കും ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർക്കും അർഹമായ നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കണമെന്ന് ദുരിതബാധിത മേഖലകളിൽ സന്ദർശിച്ച് ധീവരസഭ മുൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. ബാലകൃഷ്ണൻ, അഡ്വ.ഷാജു തലാശ്ശേരി, പി.വി. ജനാർദ്ദനൻ, കെ.വി.തമ്പി തുടങ്ങിയവർ ആവശ്യപ്പെട്ടു. സഭ താലൂക്ക് ഭാരവാഹികളായ മണി കാവുങ്ങൽ, കെ.എം. പുഷ്കരൻ, ഇ.കെ. ദാസൻ, കെ.കെ. ജയൻ തുടങ്ങിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.

അഴീക്കോട് മുതൽ കൂളിമുട്ടം വരെ ശക്തമായ കടലാക്രമണമാണ് ഉണ്ടായിട്ടുള്ളത്. നിരവധി കുടുംബങ്ങളാണ് ഇതുമൂലം വഴിയാധാരമായത്. തീരദേശത്തെ കടൽഭിത്തി മുഴുവനായി തകർന്ന നിലയിലായതാണ് ഇത്രയേറെ നാശമുണ്ടാകാൻ കാരണമായത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടക്കാതെ പോയതാണ് കടൽഭിത്തി പൂർണമായും തകരാൻ കാരണമായത്. മൺസൂൺ വരും മുൻപ് അറ്റകുറ്റപ്പണികൾ നടത്തുകയും കടൽഭിത്തി ഇല്ലാത്ത ഇടങ്ങളിൽ അത് നിർമ്മിക്കുകയും പുലിമുട്ട് നിർമ്മിക്കുകയും ചെയ്താലേ മേഖലയിലെ കടലാക്രമണം ചെറുക്കാൻ കഴിയൂവെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഇതിനൊന്നും നടപടിയുണ്ടാകാതെ പോകുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഓഖി ദുരന്തത്തിനിരകളായവർ കാലവർഷം ആരംഭിച്ചതോടെ നാടും വീടും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ട സാഹചര്യമാണുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ദുരിതബാധിതർക്ക് ആവശ്യമായ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കിയേ തീരൂവെന്നും ധീവരസഭാ നേതാക്കൾ പറഞ്ഞു.