തൃശൂർ: കാർഷിക സർവകലാശാലാ കലോത്സവത്തിൽ 199 പോയിന്റ് നേടി വെള്ളാനിക്കര ഹോർട്ടിക്കൾച്ചർ കോളേജ് ചാമ്പ്യൻഷിപ്പ് നിലനിറുത്തി. ഇത് തുടർച്ചയായ എട്ടാം തവണയാണ് ഹോർട്ടിക്കൾച്ചർ കോളേജ് കലോത്സവ വിജയികളാകുന്നത്. 161 പോയിന്റോടെ വെള്ളായണി കാർഷിക കോളേജ് രണ്ടാം സ്ഥാനവും 126 പോയന്റോടെ പടന്നക്കാട് കാർഷിക കോളേജ് മൂന്നാം സ്ഥാനവും നേടി.
ഹോർട്ടിക്കൾച്ചർ കോളേജിലെ പി. രേഷ്മ കലാതിലകമായും, വെള്ളായണി കാർഷിക കോളേജിലെ എസ്. ശ്രീനിത ചിത്രപ്രതിഭയായും ഫോറസ്ട്രി കോളേജിലെ ഫിറോസ് രാജ് സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു നാൾ നീണ്ട കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ രജിസ്ട്രാർ ഡോ. ഡി. ഗിരിജ സമ്മാനദാനം നിർവഹിച്ചു. സർവകലാശാലാ യൂണിയൻ പ്രസിഡന്റ് മുഹമ്മദ് ഷനീജ് അദ്ധ്യക്ഷത വഹിച്ചു. അക്കാഡമിക് ഡയറക്ടർ ഡോ. എം.ആർ. ഷൈലജ, വിദ്യാർത്ഥി ക്ഷേമ ഡയറക്ടർ ഡോ. ടി.ഐ. മനോജ്, ഫോറസ്ട്രി ഡീൻ ഡോ. കെ. വിദ്യാസാഗർ തുടങ്ങിയവർ പങ്കെടുത്തു.