വടക്കാഞ്ചേരി : തിമിലയിൽ ഇന്ദ്രജാലം കാണിച്ച് വാദ്യപ്രേമികളുടെ മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി വിസ്മയ പ്രതിഭയായി മാറിയ വാദ്യകുലപതി അന്നമനട പരമേശ്വരമാരാർക്ക് വടക്കാഞ്ചേരിയുടെ മണ്ണിലും അശ്രുപൂജ. സംസ്‌കാരത്തിനായി പാമ്പാടി ഐവർമഠത്തിലേക്ക് കൊണ്ടുപോകും വഴി ഉത്രാളിപ്പൂരം വടക്കാഞ്ചേരി ദേശം കമ്മിറ്റി ഓഫീസിനു മുന്നിൽ ഭൗതിക ശരീരവും വഹിച്ചുള്ള വാഹനം എത്തുന്നതിന് രണ്ട് മണിക്കൂർ മുൻപു തന്നെ ആരാധകർ തങ്ങളുടെ പ്രിയ വാദ്യകലാകാരനെ അവസാനമായൊരു നോക്കു കാണാൻ തടിച്ചുകൂടിയിരുന്നു.

നാലു മണിയോടെ മൃതദേഹം വടക്കാഞ്ചേരി പൂരക്കമ്മിറ്റി ഓഫീസിനു മുന്നിലെത്തി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി, പൂരക്കമ്മിറ്റി ഭാരവാഹികളായ ടി.ജി. അശോകൻ, സി.എ. ശങ്കരൻ കുട്ടി, സുഭാഷ് പുഴയ്ക്കൽ, പ്രസ് ക്ലബ് പ്രസിഡന്റ് വി. മുരളി, സെക്രട്ടറി കെ.പി. മണികണ്ഠൻ, കെ.ജെ.യു ജില്ലാ സെക്രട്ടറി അജീഷ് കർക്കിടകത്ത്, മേഖലാ പ്രസിഡന്റ് പി. സതീഷ് കുമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങി ഒട്ടേറെ പേർ അന്തിമോപചാരം അർപ്പിച്ചു. പത്തു മിനിറ്റോളം വടക്കാഞ്ചേരിയിൽ വാദ്യ പ്രേമികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കിയ ശേഷമാണ് അന്ത്യകർമ്മങ്ങൾക്കായി പാമ്പാടി യിലേക്ക് കൊണ്ടു പോയത്.