fox
വലിയ പഴംതീനി വവ്വാൽ

തൃശൂർ: 20 വർഷത്തെ ഗവേഷണങ്ങളുടെ തുടർച്ചയായി കാർഷിക സർവകലാശാല വന്യജീവി വിഭാഗത്തിന്റെ സഹകരണത്തോടെ നിപ വൈറസ് വാഹകരായ വലിയപഴം തീനി വവ്വാലുകളെക്കുറിച്ച് സർക്കാർ ഉടൻ സമഗ്രപഠനം നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ ഇതിന്റെ പ്രാഥമിക അവലോകനം നടത്തി. അടുത്ത യോഗത്തിൽ ഗവേഷണം സംബന്ധിച്ച് അന്തിമരൂപരേഖ തയ്യാറാകും. ഗവേഷണത്തിൽ മറ്റ് വകുപ്പുകളെക്കൂടി സഹകരിപ്പിക്കും.

കേരളത്തിലെ 33 ഇനം വവ്വാലുകളിൽ അഞ്ചിനം പഴം വവ്വാലുകളാണെന്നും അതിൽ വലിയ പഴംതീനി വവ്വാൽ (ഫ്ളയിംഗ് ഫോക്സ്) മാത്രമാണ് നിപ വൈറസ് പരത്തുന്നതെന്നും കാർഷിക സർവകലാശാല പഠനത്തിൽ കണ്ടെത്തിയിരുന്നു. വവ്വാലുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തൽ. ഇവയുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കി ജൈവവൈവിദ്ധ്യം തകിടം മറിച്ചാൽ വൈറസ് വ്യാപനം ശക്തമാകുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു..

ഫ്ളയിംഗ് ഫോക്സ് വിഭാഗത്തിലെ ആൺ, പെൺ വവ്വാലുകളെല്ലാം വൈറസ് പരത്തും. പ്രജനന കാലത്ത് വൈറസ് പടരാനുള്ള സാദ്ധ്യത കൂടും. മേയ്- ജൂൺ മാസങ്ങൾ ഫ്ളയിംഗ് ഫോക്സിന്റെ പ്രജനന കാലമാണ്. പഴങ്ങൾ ധാരാളം ഉണ്ടാകുന്ന കാലവുമാണ്. അതുകൊണ്ട് ഇക്കാലയളവിൽ മുൻകരുതലെടുക്കണമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രജനനകാലത്തെ ആയാസം കാരണം വവ്വാലുകൾ വൈറസിനെ കൂടുതലായി പുറന്തള്ളും. അവയുടെ ആരോഗ്യത്തിന് വൈറസ് ഭീഷണിയല്ലെങ്കിലും അടുത്ത തലമുറയിലേക്കും വൈറസ് ബാധ പടരും. മനുഷ്യ സാന്നിദ്ധ്യമുള്ള ചുറ്റുപാട് തന്നെയാണ് ഇത്തരം വവ്വാലിന്റെയും ആവാസസ്ഥാനം. മരങ്ങളിലാണ് സാധാരണ കാണാറ്. എന്നാൽ കിണറുകളിലും വീടുകളിലും കാണുന്നത് പ്രാണികളെ തിന്നുന്ന നരിച്ചീറുകളാണെന്നും അടിവരയിടുന്നു.

ഫ്ളയിംഗ് ഫോക്സ്:

എല്ലാ പഴങ്ങളും തിന്നും (ചക്ക, മാമ്പഴം, പേരയ്ക്ക, വാഴപ്പഴം...)

എല്ലാ ജില്ലകളിലും സാന്നിദ്ധ്യം (ആൽമരം, പുളിമരം, അത്തിമരം തുടങ്ങിയ മരങ്ങളിൽ)

ആവാസവ്യവസ്ഥ നശിക്കുന്നതിനാൽ വംശനാശത്തിന്റെ വക്കിൽ.

കടുത്ത ബ്രൗൺ, ഗ്രേ, കറുപ്പ് നിറമുള്ള ശരീരം

മഞ്ഞനിറമുള്ള കഴുത്ത്.

600 മുതൽ 1600 ഗ്രാം വരെ ഭാരം.

രാത്രി കാലങ്ങളിൽ ഭക്ഷണം തേടും.

140 മുതൽ 150 ദിവസം വരെ പ്രജനന കാലം.

ആവാസവ്യവസ്ഥ പ്രധാനം

വാഴയുടെയും മറ്റും ഇലകളിലോ കിണർ വെള്ളം വഴിയോ വൈറസ് പടരാനുള്ള സാദ്ധ്യത ഇല്ല. പക്ഷേ, വവ്വാലുകൾ കടിച്ച പഴം പൂർണ്ണമായി ഒഴിവാക്കണം. വവ്വാലുകളെ ഉപദ്രവിക്കുകയോ ഓടിക്കുകയോ ആവാസവ്യവസ്ഥ നശിപ്പിക്കുകയോ ചെയ്യരുത്. അത് വൈറസ് ബാധയ്ക്കുളള സാദ്ധ്യത കൂടാനിടയാക്കുമെന്ന് ഇത് സംബന്ധിച്ച പഠനം നടത്തുന്ന പ്രമുഖ ശാസ്ത്രജ്ഞൻ വ്യക്തമാക്കി.