തൃശൂർ: സ്റ്റൈപൻഡ് വർദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പി.ജി. ഡോക്ടർമാരും ഹൗസ് സർജന്മാരും നടത്തിയ സൂചനാ പണിമുടക്ക് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു. ചികിത്സ ലഭിക്കാതെ നിരവധി രോഗികൾ മടങ്ങി. 450 ഡോക്ടർമാർ പണിമുടക്കിയതോടെ മെഡിക്കൽ കോളജിലെ ഒ.പി, കിടത്തി ചികിത്സാ വിഭാഗം പ്രവർത്തനങ്ങൾ ഏതാണ്ട് പൂർണ്ണമായി മുടങ്ങി. 20 മുതൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങാനാണ് ഡോക്ടർമാരുടെ തീരുമാനം.
മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളെയും സമരം ബാധിച്ചു. അത്യാഹിത വിഭാഗവും ഐ.സി.യുവുമാണ് മാത്രമാണ് തടസങ്ങളില്ലാതെ പ്രവർത്തിച്ചത്. സീനിയർ ഡോക്ടർമാർ മൂന്നു മണി വരെ റൗണ്ട്സിനായി എത്തിയിരുന്നെങ്കിലും എല്ലാ രോഗികളെയും പരിശോധിക്കാനായില്ല. മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സുഗമമാക്കുന്നത് പി.ജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരുമാണ്. അതുകൊണ്ടു തന്നെ സമരം മെഡിക്കൽ കാേളേജിനെ ഏറെക്കുറെ സ്തംഭിപ്പിക്കുകയായിരുന്നു. 2015 ലാണ് സ്റ്റെൈപൻഡ് വർദ്ധിപ്പിച്ചത്. ഹൗസ് സർജന്മാർക്ക് ഇരുപതിനായിരവും പി.ജി വിദ്യാർത്ഥികൾക്ക് 43000 മുതൽക്കുമാണ് നിലവിൽ സ്റ്റെൈപൻഡ് ലഭിക്കുന്നത്. ദന്തൽ വിഭാഗം ഹൗസ് സർജന്മാരും പി.ജി വിദ്യാർത്ഥികളും സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. സ്റ്റെൈപൻഡ് വർദ്ധന നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സർക്കാർ നിലപാട് അംഗീകരിച്ചായിരുന്നു പിൻമാറ്റം.