തൃശൂർ: പള്ളിക്കുളം റോഡടക്കമുള്ള നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് റോഡിലെ ചെളിയിൽ ശയനപ്രദക്ഷിണം നടത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം. പള്ളിക്കുളം റോഡിലെ ചെളിയിൽ ഉരുണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കോർപറേഷന് കഴിയില്ലെന്ന് പറയുകയാണെങ്കിൽ റോഡുകൾ നന്നാക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകുമെന്ന് തൃശൂർ പാർലമെന്റ് പ്രസിഡന്റ് ഷിജു വെളിയത്ത് പറഞ്ഞു.

പാർലമെന്റ് ജനറൽ സെക്രട്ടറി സി.എം. രതീഷ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബഷീർ അഹമ്മദ്, നിയോജക മണ്ഡലം പ്രസിഡന്റ് ജലിൻ ജോൺ, കെ.എസ്.യു ജില്ലാ സെക്രട്ടറി എബിമോൻ തോമസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. തുടർന്ന് പ്രവർത്തകർ പ്രകടനവുമായി എത്തി. പള്ളിക്കുളം റോഡിൽ നിന്ന് ശേഖരിച്ച ചെളി മേയറുടെ ചേംബറിന് മുന്നിൽ സമർപ്പിക്കുകയും ചെളിപുരണ്ട ഷർട്ടുകൾ കോർപറേഷൻ ഓഫീസിനുള്ളിൽ ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തു.

അതേസമയം കുടിവെള്ള പൈപ്പിടാൻ വെട്ടിപ്പൊളിച്ച അരിയങ്ങാടി അടക്കമുള്ള നഗരത്തിലെ റോഡുകൾ താത്കാലികമായി നന്നാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെളിക്കുളമായ ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് ക്വാറി വേസ്റ്റ് ഇടുന്ന പ്രവൃത്തികളാണ് നടക്കുന്നത്. അതേ സമയം റോഡ് നന്നാക്കൽ ഇഴഞ്ഞു നീങ്ങുകയാണെന്ന ആരോപണവും ഉയർന്നു.