മാള: മാള റോഡ് വികസനവും സൗന്ദര്യവത്കരണവും നടപ്പാക്കുന്നതിന് റോഡിലെ ശുദ്ധജല കിണർ മണ്ണിട്ട് മൂടുന്നത് കുടിവെള്ളം മുട്ടിക്കുമെന്ന് ആശങ്ക. കിണറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് ആശങ്കയിൽ കഴിയുന്നത്. വേനൽക്കാലത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോ ആശ്രയിച്ചത് റോഡിലെ ഈ കിണറിനെയാണ്. റോഡ് വികസനത്തിന് പൊതുമരാമത്ത് വകുപ്പ് വാങ്ങിയ സ്ഥലത്താണ് ശുദ്ധജലത്തിന്റെ ഈ വലിയ ശേഖരമുള്ളത്.
താനത്തുപറമ്പിൽ അലീമയുടെ കൈവശം ഉണ്ടായിരുന്ന കിണറും അനുബന്ധ സ്ഥലവും വില നൽകി പൊതുമരാമത്ത് വകുപ്പ് വാങ്ങുകയായിരുന്നു. കിണറിന് മാത്രമായി 90,000 രൂപ വിലയിട്ടാണ് ഏറ്റെടുത്തതത്രെ. അത്തരത്തിൽ പൊതുകിണറായി മാറിയതിനാൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്കും നാട്ടുകാരും ശുദ്ധജലത്തിനായി ഈ വേനലിൽ ആശ്രയിക്കുകയായിരുന്നു.
മാളച്ചാലിനോട് ചേർന്നാണെങ്കിലും ഉപ്പില്ലാത്ത വെള്ളം ലഭിച്ചിരുന്നുവെന്നാണ് പ്രത്യേകത. നാട്ടിലാകെ വെള്ളത്തിനായി ക്ഷാമം നേരിട്ടപ്പോഴും കിണറിൽ ആവശ്യത്തിലേറെ ഉണ്ടായിരുന്നു. എന്നാൽ റോഡിനായി വാങ്ങിയ സ്ഥലത്തെ കിണർ മണ്ണിട്ട് മൂടണമെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. കിണർ മൂടാതെ കോൺക്രീറ്റ് സ്ളാബിട്ട് മുകളിലൂടെ ഭാര വാഹനങ്ങൾ പോകുന്നത് അപകട സാദ്ധ്യയുണ്ടെന്നാണ് ഇവരുടെ വാദം. കൂടാതെ പൂർണമായി മൂടി സ്ളാബിട്ടാൽ വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.
എതിർവശത്തെ കാന നിർമ്മാണത്തിന് സ്ഥലം പൂർണമായി ഉപയോഗിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വ്യക്തികളുടെ താത്പര്യം സംരക്ഷിക്കാൻ പദ്ധതിയിൽ മാറ്റം വരുത്തുന്ന അധികൃതർ കിണറിന്റെ കാര്യത്തിൽ ജനവിരുദ്ധ നിലപാടാണ് എടുക്കുന്നതെന്നും പരാതികളുണ്ട്. പൊയ്യ പഞ്ചായത്ത് അതിർത്തിയിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് മാള പഞ്ചായത്ത് പരിധിയിലെ സ്ഥലത്തെ കിണറിൽ നിന്നാണ് വെള്ളം കൊണ്ടുപോകുന്നത്.
മോട്ടോർ സ്ഥാപിച്ച് ഡിപ്പോയിൽ നിന്ന് വൈദ്യുതി നിയന്ത്രിക്കാവുന്ന നിലയിലാണ് വെള്ളം കൊണ്ടുപോകുന്നത്. കാട് കയറിക്കിടക്കുന്ന കിണർ റോഡിലെ വളവിലാണെന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. അതേസമയം കിണർ എത്രയും വേഗം മൂടാതെ റോഡ് മുറിച്ച് കാന നിർമ്മിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പൊതുമരാമത്ത് വകുപ്പ്. റോഡ് മുറിക്കുമ്പോൾ വാഹനങ്ങൾ കടത്തിവിടാൻ പകരം പാതയൊരുക്കാൻ കിണർ തടസമാകുമെന്നാണ് കരുതുന്നത്.
എന്നാൽ കിണർ അടക്കമുള്ള സമീപത്തെ സ്ഥലം വാങ്ങിയത് സംബന്ധിച്ചും വ്യക്തതക്കുറവുണ്ടെന്ന് അഭിപ്രായം ഉയരുന്നുണ്ട്. വാങ്ങിയ സ്ഥലത്തിന് പുറത്തുള്ള ഭാഗം കൂടി ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് സ്കെച്ച് തയ്യാറാക്കിയിട്ടുള്ളതെന്നും സൂചനയുണ്ട്. എന്തായാലും ശുദ്ധജലം സമൃദ്ധിയായി ലഭിക്കുന്ന കിണർ മൂടുന്നത് വരും ദിവസങ്ങളിൽ തർക്കത്തിനും വിവാദത്തിനും ഇടയാക്കുമെന്നാണ് സൂചന.