കൊടുങ്ങല്ലൂർ: ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ലിറ്ററിന് പ്രതിദിനം 4രൂപ പ്രകാരം കൊടുങ്ങല്ലൂർ നഗരസഭ ആശ്വാസ ധനമായി നൽകി. 10 ലക്ഷം രൂപയാണ് ഈ ഇനത്തിൽ നഗരസഭ ക്ഷീരകർഷകർക്ക് നൽകിയത്. കൊടുങ്ങല്ലൂർ, പുല്ലൂറ്റ്, അഞ്ചപ്പാലം, കണ്ടംകുളം, തിരുവഞ്ചിക്കുളം എന്നീ ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന 143 കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിച്ചെന്നും പാലിന്റെ അളവനുസരിച്ച് 40,000 രൂപ വരെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയിട്ടുണ്ടെന്നും നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.

ഈ പദ്ധതി, നേരത്തെ ആവിഷ്കരിച്ച് പണം നീക്കിവച്ചിരുന്നെങ്കിലും ഈ വർഷമാണ് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത്.

പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയായി ജില്ലാ ക്ഷീരവികസന ഓഫീസറെയാണ് സർക്കാർ നിയമിച്ചിരുന്നത്. എന്നാൽ ഈ ഉദ്യോഗസ്ഥ പദ്ധതി നടപ്പിലാക്കാൻ തയ്യാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി, നഗരസഭാ ചെയർമാൻ, കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. കർഷകർക്ക് ആനുകൂല്യങ്ങൾ നൽകാൻ വിസമ്മതിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിൽ, പദ്ധതിക്കായി വകയിരുത്തിയ തുക നഷ്ടപ്പെടാതിരിക്കാൻ നഗരസഭാ സെക്രട്ടറിയെ നിർവ്വഹണ ഉദ്യോഗസ്ഥനാക്കിയാണ് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയത്. 2018 ഏപ്രിൽ മുതൽ സംഘങ്ങൾ വഴി പാൽ അളന്ന കർഷകരാണ് ഗുണഭോക്താക്കളായത്. കൊടുങ്ങല്ലൂർ ക്ഷീരവികസന ഓഫീസർ എ. കവിത പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം നൽകി.