ചാവക്കാട്: തകർന്ന കടൽഭിത്തി അറ്റകുറ്റ പണി നടത്താനും പുതിയ ഭിത്തി നിർമ്മിക്കാനും കല്ല് കിട്ടാനില്ലെന്ന് അധികൃതർ പറയുമ്പോൾ ഭിത്തി നിർമ്മാണത്തിന് കൊണ്ടുവന്ന കല്ലുകൾ മണ്ണ് മൂടുന്നു. 15 വർഷം മുമ്പ് കൊണ്ട് വന്ന കല്ലുകളാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് മുനക്കക്കടവ് ഭാഗത്തു മണ്ണ് മൂടി പോകുന്നത്.

നിലവിലെ കടൽഭിത്തിക്ക് തൊട്ടടുത്തും റോഡരികിലുമായി നിരവധി ലോഡ് കല്ലുകൾ ഇത്തരത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. കടൽഭിത്തി തകർന്ന ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി അനുഭവപെട്ടിരുന്നത്. ഇതേ തുടർന്ന് ഭിത്തി തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യം ശക്തമായതോടെ കടൽ ഭിത്തി നിർമ്മിക്കാൻ കല്ലുകൾ ലഭ്യമല്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്താണ് ലക്ഷക്കണക്കിന് രൂപയുടെ ഭീമൻ കല്ലുകൾ ഉപയോഗിക്കാതെ കിടക്കുന്നത്. കല്ലുകളിൽ പലതും മണ്ണ് മൂടിപ്പോയ നിലയിലാണ്. ഈ കല്ലുകൾ എസ്‌കവേറ്റർ ഉപയോഗിച്ച് പുറത്തെടുത്ത് പൂർണമായി ഭിത്തി തകർന്നിടത്ത് കെട്ടി സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.