ചാവക്കാട്: ദേശീയ പാത 17 ചാവക്കാട് മുതൽ അണ്ടത്തോട് വരെയുള്ള 12 കിലോമീറ്ററിന്റെ യുള്ളിൽ ചെറുതും വലുതുമായ മുന്നൂറിലേറെ കുഴികൾ. പലയിടത്തും റോഡിലെ ടാർ അടർന്നു വമ്പൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലാണ് ദേശീയ പാതയിലെ കുഴികളുടെ എണ്ണം വർധിച്ചത്.
പലയിടങ്ങളിലും നേരത്തെ നികത്തിയ കുഴികളും പഴയ രൂപത്തിലായി. വലിയ വാഹനങ്ങൾ പോലും കുഴിയിൽ ഇറങ്ങി കയറാൻ പ്രയാസപ്പെടുന്നതിനാൽ മേഖലയിൽ ഗതാഗത തടസ്സവും നേരിടുന്നുണ്ട്. റോഡിൽ പലയിടത്തും രൂപപ്പെട്ട വലിയ ഗർത്തങ്ങളിൽ വാഹനങ്ങൾ ചാടി അപകടങ്ങളും പതിവായി. മഴ പെയ്ത് കുഴികളിൽ വെള്ളം നിറഞ്ഞതോടെ കുഴി തിരിച്ചറിയാനാവാതെ ബൈക്കുകളും ചെറിയ വാഹനങ്ങളുമാണ് കൂടുതലും അപകടത്തിൽ പെടുന്നത്. ചമ്രം വട്ടം പാലം വഴി കോഴിക്കോട് എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴിയാണ് കടന്നു പോകുന്നത്. കുഴികൾ മുഖ വിലക്കെടുക്കാതെയുള്ള പല വാഹനങ്ങളുടെയും അമിത വേഗതയാണ് അപകടങ്ങൾക്കുള്ള മറ്റൊരു കാരണം.
മണത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം, ശ്രീവിശ്വനാഥക്ഷേത്രം, അയിനിപ്പുള്ളി, പുതിയറ, തിരുവത്ര, അതിർത്തി, എടക്കഴിയൂർ, കാജകമ്പനി, പോസ്റ്റ്, അകലാട്, മന്നലാംകുന്ന്, അണ്ടത്തോട് തുടങ്ങിയ ഭാഗങ്ങളിലാണ് കുഴികൾ കൂടുതലുള്ളത്. പലയിടത്തും വാഹനാപകടം ഒഴിവാക്കാൻ മേഖലയിലെ സന്നദ്ധ സംഘടനങ്ങൾ റോഡിൽ സേഫ്റ്റി കോണുകൾ സ്ഥാപിച്ചിരിക്കുകയാണ്.