തൃശൂർ: കുടിശികയായ കോടിക്കണക്കിന് രൂപ നിർമ്മാണത്തിന്റെ ഉപകരാർ ഏറ്റെടുത്ത കമ്പനിക്ക് കിട്ടാതാവുകയും ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും നിർമാണ കമ്പനിയും അനാസ്ഥ തുടരുകയും ചെയ്തതോടെ കുതിരാൻ തുരങ്കനി ർമ്മാണം നിശ്ചലാവസ്ഥയിലായത് പതിനൊന്ന് മാസം. കുടിശ്ശിക എന്ന് നൽകുമെന്നും എന്തുകൊണ്ട് നൽകുന്നില്ലെന്നുമുള്ള ചോദ്യങ്ങൾക്ക് ആർക്കും കൃത്യമായ ഉത്തരമില്ല. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനം.

പാലക്കാട് നിന്നും തൃശൂരിലേക്കുള്ള പാതയിൽ, 95 ശതമാനം പണി പൂർത്തിയായെങ്കിലും ആദ്യ തുരങ്കം തുറക്കാനായില്ല. പാലക്കാട്ടേയ്ക്കുള്ള പാതയിലെ രണ്ടാം തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കെയാണ് പണമില്ലാത്തതിനാൽ തടസപ്പെട്ടത്. കെ.എം.സി തുരങ്ക നിർമ്മാണ കമ്പനിയാണ് പ്രഗതികമ്പനിക്ക് ഉപകരാർ നൽകിയത്. പണം ലഭ്യമായാൽ എട്ടുമാസം കൊണ്ട് രണ്ട് തുരങ്കങ്ങളും തുറന്ന് കൊടുക്കാനാകുമെന്നാണ് പ്രഗതി കമ്പനി അധികൃതർ പറയുന്നത്. എന്നാൽ എത്ര രൂപയാണ് ലഭിക്കേണ്ടതെന്ന് കമ്പനി വെളിപ്പെടുത്തുന്നില്ല.

അതേസമയം, മഴക്കാലത്തുള്ള മണ്ണിടിച്ചിലും ആശങ്ക ഉയർത്തുന്നുണ്ട്. തുരങ്കമുഖത്ത് മണ്ണിടിച്ചിൽ തടയാനായി വന ഭൂമിയിലെ മണ്ണു നീക്കണം. ഇതിനു വനം, പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിട്ടില്ല. പ്രളയസമയത്ത് കുതിരാൻ തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദിവസങ്ങളോളം നീണ്ട ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. അപകട ഭീഷണിയുയർത്തി നിൽക്കുന്ന പാറക്കെട്ടുകൾ പൊട്ടിച്ച് നീക്കാനുള്ള അനുമതി തേടി ദേശീയപാത അതോറിറ്റി വനം വകുപ്പിന് കത്ത് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പാറക്കെട്ടുകൾ പൊളിച്ച് നീക്കാനും വനംവകുപ്പ് അനുമതി നൽകിയിട്ടില്ല.

പ്രളയത്തിനിടെ അടിയന്തര വാഹനങ്ങൾക്കായി പ്രത്യേക നിരീക്ഷണത്തിൽ തുരങ്കം തുറന്നതിന് പിന്നാലെ, കഴിഞ്ഞദിവസം അപകടത്തെ തുറന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തുരങ്കം താത്കാലികമായി പൊലീസ് തുറന്ന് കൊടുത്തത് വലിയ സുരക്ഷാവീഴ്ചയാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്. കുതിരാൻ മല വളഞ്ഞു കയറാൻ മൂന്ന് കിലോമീറ്റർ വേണ്ടയിടത്താണ് ഒരു കിലോമീറ്റർ താഴെ ദൂരത്തിൽ തുരങ്കം പണിയാൻ തീരുമാനിച്ചത്.

വഞ്ചിച്ചത് കെ.എം.സി.യോ?

ബി.ഒ.ടി വ്യവസ്ഥയിലാണ് തുരങ്കനിർമ്മാണം. പണം നൽകാതെ കെ.എം.സി. കമ്പനി മുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. 48 കോടി രൂപയോളം ലഭിക്കാനുണ്ടെന്നാണ് കരുതുന്നത്. എന്തായാലും നിർമ്മാണം ആരംഭിക്കാനുളള എല്ലാ ശ്രമങ്ങളും തുടരും.

-അഡ്വ.കെ.രാജൻ എം.എൽ.എ

''ഫണ്ട് ലഭ്യമായാൽ ഉടൻ നിർമ്മാണം തുടങ്ങാനാകും. പണി പൂർത്തിയാക്കാതെ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തി വിടുന്നത് അപകടരമാണ്. വാഹനങ്ങൾ കടത്തിവിടാൻ കമ്പനി അനുമതി നൽകിയിട്ടില്ല. മണ്ണ് വീഴാതിരിക്കാൻ മലയിൽ നിന്ന് കോൺക്രീറ്റ് പാതയുണ്ടാക്കി താഴേയുളള ഡ്രെയിനേജിലൂടെ വെള്ളം കടത്തിവിടാനുള്ള പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. ''

-പ്രഗതി അധികൃതർ

ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ടതുരങ്കം

922 മീറ്റർ നീളം.
14 മീറ്റർ വീതി.
10 മീറ്റർ ഉയരം.
രണ്ട് തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലം.