തൃശൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വൻ വിജയത്തിന് സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കൻ പാർട്ടിയും (എസ്.ആർ.പി) മുഖ്യ പങ്കുവഹിച്ചെന്ന് പാർട്ടിയുടെ തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. പിന്നാക്ക സമുദായങ്ങളെ ശക്തമായ നിലയിൽ യു.ഡി.എഫിന് അനുകൂലമായി മാറ്റിയെടുക്കാൻ കഴിഞ്ഞതാണ് എൽ.ഡി.എഫിന്റെ ദയനീയ പരാജയത്തിന് വഴിയൊരുക്കിയത്. പൊലീസ് കമ്മിഷണർമാർക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വർക്കിംഗ് ചെയർമാൻ എം.എൻ. ഗുണവർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.കെ. അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എ.എൻ. പ്രേംലാൽ, നേതാക്കളായ കെ.എം. രാധാകൃഷ്ണൻ, അമ്മിണിക്കുട്ടൻ, മോഹൻ കർത്താറ എന്നിവർ പ്രസംഗിച്ചു.