മാള: മാള സിവിൽ സ്റ്റേഷനിൽ പൊതുമരാമത്ത് വകുപ്പ് വക കൊതുകു വളർത്തൽ കേന്ദ്രം. ടാർ ഇല്ലാതെ തുറന്നുവെച്ചിരിക്കുന്ന വീപ്പകളിലാണ് വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്നത്. മിനി സിവിൽ സ്റ്റേഷന്റെ മുൻഭാഗത്താണ് ഇത്തരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത്. നാട്ടിലാകെ മഴക്കാലത്തിന് മുന്നോടിയായി ശുചീകരണം നടത്തിയപ്പോഴും നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷന്റെ പരിസരം കാട് കയറി കിടക്കുകയാണ്.
അതിനുള്ളിലാണ് ടാർ വീപ്പകൾ തുറന്നിരിക്കുന്നത്. അമ്പതോളം വരുന്ന വീപ്പകളാണ് സിവിൽ സ്റ്റേഷന് മുന്നിൽ തുറന്നിരിക്കുന്നത്. ഈ കൊതുകു വളർത്തൽ സ്ഥലത്തിനോട് ചേർന്നാണ് കൃഷിഭവൻ ഓഫീസ് പ്രവർത്തിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.