ചാലക്കുടി: തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ തിരസ്‌കരിക്കപ്പെടരുതെന്ന് സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള. എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു) സംസ്ഥാന പഠന ക്യാമ്പ് അരൂർമുഴിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞ കേന്ദ്ര സർക്കാർ തുടങ്ങിവച്ച ഉടമകൾ മാത്രം സംരക്ഷിക്കപ്പെടുന്ന നിയമ ഭേദഗതികളാണ് ഇനിയും വരാൻ പോകുന്നതെന്ന് സൂചനകൾ ഉണ്ടായിക്കഴിഞ്ഞു. അത് അപകടകരമാണ്. ഇതിനെതിരെ ശക്തമായ ചെറുത്തു നിൽപ്പുകൾ അനിവാര്യമാണ്. ചന്ദ്രൻ പിള്ള കൂട്ടിച്ചേർത്തു. അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പി. ജോണി തുടങ്ങിയവർ പ്രസംഗിച്ചു.