തൃശൂർ : ജില്ലയിൽ കടലാക്രമണം രൂക്ഷമായ തീരമേഖലയിൽ അടിയന്തര പ്രതിരോധ നടപടികൾക്കായി സർക്കാർ മൂന്ന് കോടി അനുവദിച്ചു. പ്രതിരോധ നടപടികൾക്കായി കളക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു ഈ വിവരം അറിയിച്ചത്. ജിയോ ബാഗുകൾ വിന്യസിച്ചും കടൽഭിത്തി നിർമ്മാണം അനിവാര്യമായ മേഖലകളിൽ അവ നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചും കടലാക്രമണത്തെ പ്രതിരോധിക്കുവാനുള്ള നടപടികൾക്ക് മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം രൂപം നൽകി. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ ജിയോ ബാഗുകൾ വിന്യസിക്കും. എറിയാട്, അഴീക്കോട്, എടവിലങ്ങ് പഞ്ചായത്തിലെ കാര, പുതിയറോഡ്, മണപ്പാട്ടുചാൽ, ആറാട്ടുവഴി, അയ്യപ്പൻപാലം പടിഞ്ഞാറുവശം, ലൈറ്റ്ഹൗസ് പരിസരം, മുനയ്ക്കൽ, തളിക്കുളം പഞ്ചായത്തിലെ തമ്പാൻകടവ്, പൊക്കാഞ്ചേരി, ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പൊക്കുളങ്ങര, ഏത്തായ് ബീച്ച്, മുനക്കകടവ്, വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി, മൂസ റോഡ്, തൊട്ടാപ്പ്, സാഗർ ക്ലബ് പരിസരം, വാടാനപ്പിളളി, ചാവക്കാട് എന്നീ പ്രദേശങ്ങളിൽ കടലാക്രമണ പ്രതിരോധപ്രവർത്തനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കും. ഇതിനാണ് സർക്കാർ അനുവദിച്ച തുക വിനിയോഗിക്കുക. ഏങ്ങണ്ടിയൂർ കടലാക്രമണ ഭീഷണി രൂക്ഷമായ പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ 32 കുടുംബങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കടൽഭിത്തി നിർമ്മാണത്തിനുള്ള കല്ലുകൾ ലഭ്യമാക്കുന്നതിന് അംഗീകൃത ക്വാറി ഉടമകളോട് യോഗം നിർദ്ദേശിച്ചു. യോഗത്തിൽ ടി.എൻ പ്രതാപൻ എം.പി, എം.എൽ.എ മാരായ കെ.വി. അബ്ദുൾഖാദർ, ഇ.ടി.ടൈസൺമാസ്റ്റർ, ജില്ലാ കളക്ടർ ടി.വി.അനുപമ തുടങ്ങിയവർ പങ്കെടുത്തു.