ഗുരുവായൂർ: സംസ്ഥാന സർക്കാർ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളുടെ വികസനത്തിനായി 783 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗുരുവായൂർ ക്ഷേത്രം ഇതര ക്ഷേത്രങ്ങൾക്ക് നൽകുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ കോടതിയുടെ അനുകമ്പ ഉണ്ടെങ്കിലേ ശബരിമല വികസനം സാദ്ധ്യമാകൂ എന്ന അവസ്ഥയാണ്. ക്ഷേത്ര ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഗുരുവായൂർ ദേവസ്വം സമർപ്പിച്ച പദ്ധതികൾ നടപ്പിലാകുകയാണെങ്കിൽ ഗുരുവായൂർ ക്ഷേത്രം ലോകത്തിലെ ഒന്നാമത്തെ ക്ഷേത്രമായി മാറും. ശബരിമലയിലെത്തുന്ന 11 ഇടത്താവളങ്ങൾക്കായി 150 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇതിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മൂന്നേക്കാൽ കോടി രൂപയാണ് കേരളത്തിലെ ഇതര ക്ഷേത്രങ്ങൾക്കും അനാഥാലയങ്ങൾക്കുമായി ഗുരുവായൂർ ദേവസ്വം വിതരണം ചെയ്തത്. അടുത്ത വർഷം മുതൽ ഇത് നാല് കോടി രൂപയാക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞു. ഭവന നിർമ്മാണത്തിനായി ഒരു കോടി രൂപയും ദേവസ്വം വിതരണം ചെയ്യും. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ മുഖ്യാതിഥിയായി.