കൊടകര: മറ്റത്തൂർ ലേബർ സഹകരണ സംഘത്തിന്റെ ഔഷധ വനം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് കുറുന്തോട്ടി കൃഷി വ്യാപിപ്പിക്കുന്നു. സാധ്യതകളെ പ്രയോജന പെടുത്തുന്നതിന്റെ ഭാഗമായാണ് കുറുന്തോട്ടി കൃഷി വ്യാപകമാക്കുന്നത്.
ഔഷധ നിർമാണ കമ്പനികൾക്ക് മരുന്ന് നിർമാണത്തിൽ ഒഴിച്ച് കൂടാനാകാത്ത ഔഷധ സസ്യമാണ് കുറുന്തോട്ടി. വളരെ ചെലവ് കുറഞ്ഞതും ലളിതവുമായ കൃഷി രീതിയാണിത്. ഒരേക്കർ സ്ഥലത്തേക്ക് 100,000 തൈകൾ ആവശ്യമാണ്. നല്ല രീതിയിൽ പരിപാലിച്ചാൽ 2000 കിലോ വരെ വിളവ് ലഭിക്കും. കുറുന്തോട്ടിക്കു പുറമെ വെള്ളക്കൊടവേലി, ചെത്തിക്കൊടവേലി, കച്ചോലം, ശതാവരി, ഒരില, കരിംകുറിഞ്ഞി എന്നിവയും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നുണ്ട്. കൃഷിക്കാവശ്യമായ തൈകൾ സൊസൈറ്റി തന്നെ കർഷകർക്ക് നൽകും. വിളവും സൊസൈറ്റി തന്നെ തിരികെ വാങ്ങും. കൃഷിക്കാവശ്യമായ നിലമൊരുക്കൽ, നടുന്നതിനുള്ള തൊഴിലാളികൾ എന്നിവരെയും ആവശ്യമായ കർഷകർക്ക് സൊസൈറ്റി നൽകും. സംസ്ഥാന ഔഷധ സസ്യ ബോർഡ്, കേരളം വന ഗവേഷണ സ്ഥാപനം എന്നിവരുടെ സാങ്കേതിക സഹായവും പദ്ധതിക്കുണ്ട്.