gvr-choroon-vazhipadu-pho

ഗുരുവായൂർ: നിറുത്തിവച്ച ഗുരുവായൂർ ക്ഷേത്രത്തിലെ ചോറൂണ് വഴിപാട് ഫോട്ടോയെടുപ്പിന് ക്ളിക് അടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുതിയ തുടക്കം കുറിച്ചു. ക്ഷേത്രത്തിലെ വടക്കേ ഊട്ടുപുരയിൽ ചോറൂണ് വഴിപാട് നടക്കുന്ന ഹാളിൽ ഗുരുവായൂരപ്പന്റെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിച്ച ശേഷമായിരുന്നു ഉദ്ഘാടനം. കോഴിക്കോട് സ്വദേശി ജിതിൻ മൃദു ദമ്പതികളുടെ മകൻ അയാനാണ് ആദ്യ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. തുടർന്ന് രണ്ട് കുട്ടികളുടെ ഫോട്ടോ കൂടി മന്ത്രി പകർത്തി. വർഷങ്ങൾക്ക് ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികളുടെ ചോറൂണ് വഴിപാടിനും തുലാഭാരത്തിനും ഫോട്ടോ എടുക്കൽ പുനരാരംഭിക്കുന്നത്. അഞ്ചു വർഷം മുമ്പ് കരാർ അടിസ്ഥാനത്തിൽ നൽകിയിരുന്ന ഫോട്ടോ എടുക്കൽ ഭക്തജനങ്ങളിൽ നിന്ന് അമിതചാർജ് ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് നിറുത്തിവയ്ക്കുകയായിരുന്നു.

ദേവസ്വം നേരിട്ടാണ് ഫോട്ടോ എടുക്കുന്നത്. ഫോട്ടോയെടുക്കാനായി 11 പേരെ ആയിരം രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ദേവസ്വം നിയമിച്ചു. എടുക്കുന്ന ഫോട്ടോകളുടെ പ്രിന്റ് ഭക്തർക്ക് നൽകില്ല. ഫോട്ടോകൾ സി.ഡിയിലാക്കിയാണ് നൽകുക. അഞ്ച് ഫോട്ടോകൾ അടങ്ങിയ സി.ഡിക്ക് നൂറ് രൂപയും 10 ഫോട്ടോകൾ അടങ്ങിയ സി.ഡിക്ക് 200 രൂപയുമാണ് നിശ്ചയിച്ചത്. വഴിപാട് നടത്തിയാൽ ഉടനെ ഭക്തർക്ക് സി.ഡി നൽകും. ചോറൂണ് നടക്കുന്ന ഹാളിന്റെ അരികിൽത്തന്നെ കമ്പ്യൂട്ടറുകളും പ്രിന്റിംഗ് മെഷീനുകളും സ്ഥാപിച്ചു. ചടങ്ങിൽ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ.കെ. രാമചന്ദ്രൻ, പി. ഗോപിനാഥൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, എം. വിജയൻ, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. ശങ്കുണ്ണിരാജ്, മാനേജർ പി. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു.