കൊടകര: 1200 കോടി രൂപ നിക്ഷേപമുള്ള പ്രാഥമിക സഹകരണ സംഘങ്ങൾ നമുക്കുണ്ടെങ്കിലും ദേശസാത്കൃത ബാങ്കുകളും ന്യൂ ജനറേഷൻ ബാങ്കുകളും നൽകുന്ന സേവനം സഹകരണ സംഘങ്ങൾക്ക് തങ്ങളുടെ ഇടപാടുകാർക്ക് നൽകാൻ സാധിക്കുന്നില്ലെന്നും ഇതിനുള്ള പരിഹാരം കൂടിയാണ് കേരള ബാങ്കിന്റെ രൂപീകരണമെന്നും സഹകരണമന്ത്രി കടകംപിള്ളി സുരേന്ദ്രൻ ചെമ്പൂച്ചിറയിൽ പറഞ്ഞു. മറ്റത്തൂർ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ ചെമ്പൂച്ചിറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെയർ ഹോം പദ്ധതി പ്രകാരം ഈ മാസം 31 ഓടെ 2,000 വീടുകൾ പണിത് താക്കോൽദാനം നിർവഹിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് കൗണ്ടറിന്റെ ഉദ്ഘാടനവും മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ ലോക്കറിന്റെ ഉദ്ഘാടനവും നടത്തി. കർഷകരെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. ബാങ്ക് സെക്രട്ടറി കെ.ആർ. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആശ ഉണ്ണികൃഷ്ണൻ, സിപിഎം മറ്റത്തൂർ ലോക്കൽ സെക്രട്ടറി എം.ആർ. രഞ്ജിത്, ഉമ്മുകുൽസു അസീസ്, കെ.ആർ. ഔസേഫ്, പി.എസ്. പ്രശാന്ത്, സുബിത വിനോദ്കുമാർ, തുടങ്ങിയവർ സംസാരിച്ചു.