തൃശൂർ : വ്യാജഡോക്ടർമാരെ പിടിക്കാനുള്ള 'ഓപറേഷൻ ക്വാക്ക്. പരിശോധനയിൽ 20 വ്യാജ ഡോക്ടർമാരെ പിടികൂടി കേസെടുത്തു. 51 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് വ്യാജന്മാരെ കണ്ടെത്തിയത്.

പരിശോധന നടന്ന സ്ഥാപനങ്ങളിൽ രണ്ട് മന്ത്രവാദ ചികിത്സ നടത്തുന്ന സ്ഥലങ്ങളും, മൂന്ന് യുനാനി സ്ഥാപനങ്ങളും, ആറ് ഹോമിയോ സ്ഥാപനങ്ങളും, ആറ് മൂലക്കുരു, പൈൽസ് ചികിത്സാ കേന്ദ്രങ്ങളും, ഒരു അക്യുപങ്‌ചർ സ്ഥാപനവും, രണ്ട് നാച്യുറോപ്പതി സ്ഥാപനങ്ങളും, രണ്ട് അലോപ്പതി ചികിത്സാ സ്ഥാപനവും 29 ആയുർവ്വേദ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. പരിശോധനയിൽ 21 ടീമുകൾ പങ്കെടുത്തു. ഡി.എം.ഒമാരായ കെ.ജെ.റീന, എസ്. ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ 9ന് തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു.

ഇന്നലെ നടന്ന റെയ്ഡിന് പൊലീസിന്റെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടായെങ്കിലും രണ്ടിടത്ത് പൊലീസിന്റെ നിസഹകരണം ഉണ്ടായതായി ഡി.എം.ഒ പറഞ്ഞു. നടപടികൾ പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരെ സമീപിക്കേണ്ടി വന്നതായും അവർ പറഞ്ഞു. ജില്ലാതലത്തിൽ മൂന്ന് വകുപ്പിലെയും ജില്ലാ മെഡിക്കൽ ഓഫീസർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ജില്ലയിൽ വ്യാജ ഡോക്ടർമാർ കൂടി വരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പ്രഥാമിക വിദ്യാഭ്യാസമുള്ളവരും ഡോക്ടർമാർ


പരിശോധനയിൽ പല സ്ഥലങ്ങളിലും അനധികൃതമായി സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് ആയുർവേദ മരുന്നുകൾ കണ്ടെത്തി. ഡോക്ടർമാർ എന്ന വ്യാജേന ചികിത്സ നടത്തിയിരുന്നത് പ്രാഥമിക വിദ്യാഭ്യാസം മുതൽ സെക്കൻഡറി തലം വരെ മാത്രം വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണെന്നും കണ്ടെത്തി. ഡോക്ടറാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്റ്റെതസ്‌കോപ്പ്, ബി.പി അപ്പാരറ്റസ്, മറ്റ് ചികിത്സാ ഉപകരണങ്ങൾ എന്നിവ പലരും തങ്ങളുടെ ചികിത്സാ മുറിയിൽ സൂക്ഷിച്ചിരുന്നു.

കോലഴിയിൽ കിടപ്പു രോഗികൾ രക്ഷപ്പെട്ടു


കോലഴി പഞ്ചായത്തിൽ കിടത്തി ചികിത്സാ കേന്ദ്രം നടത്തി വന്നിരുന്നത് വ്യാജ ഡോക്ടറാണ് എന്ന് പരിശോധന സമയത്ത് തിരിച്ചറിഞ്ഞ കിടപ്പു രോഗികളായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. അഷ്ടമിച്ചിറയിൽ യാതൊരു രേഖകളും ഇല്ലാതെ നടത്തി വന്ന വൻകിട മരുന്നു നിർമ്മാണ കേന്ദ്രം പരിശോധനയിൽ കണ്ടെത്തി സീൽ ചെയ്തു. പരിശോധന വാർത്തകൾ പ്രചരിച്ചതോടെ ഉച്ചകഴിഞ്ഞ് മിക്ക സ്ഥലങ്ങളിലെയും ഇത്തരം സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. അന്വേഷണ ടീമിനെ കണ്ട് വ്യാജ ചികിത്സകൻ ഓടി രക്ഷപ്പെട്ട സംഭവവും ഉണ്ടായി.

കളക്ടർക്ക് പരാതി നൽകും


പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് നിസഹകരണം പുലർത്തിയ പൊലീസുകാർക്കെതിരെ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും മൂന്നു വിഭാഗങ്ങളുടെ മേധാവികൾ ചേർന്ന് പരാതി നൽകും


(ഡോ.കെ.ജെ.റീന, ഡി.എം.ഒ)