ചാവക്കാട്: ഒരുമനയൂർ ലോക്കിന്റെ അറ്റകുറ്റപണിയിൽ ചിലത് പുന:പരിശോധിച്ച് അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യമുയരുന്നു. ലോക്കിന്റെ അറ്റകുറ്റപണി പൂർണ്ണമായും പൂർത്തീകരിച്ചതായിരുന്നു. എന്നാൽ പ്രവർത്തനം അവതാളത്തിലാണെന്നാണ് ആക്ഷേപമുയരാൻ കാരണമായിരിക്കുന്നത്. ഷട്ടറുകൾ മോട്ടർ ഉപയോഗിച്ചാണ് ഉയർത്തുന്നതും താഴ്ത്തുന്നതും. ചില സമയങ്ങളിൽ മോട്ടർ പ്രവർത്തിക്കാത്തതാണ് ഷട്ടറുകൾ ഉയർത്താനും താഴ്ത്താനും പറ്റാതെ വരുന്നത്. പല സമയങ്ങളിലും മോട്ടർ ഓൺ ചെയ്യുമ്പോൾ ഫീസ് അടിച്ചു പോകുകയാണ്. ലോക്കിന്റെ ഉപയോഗ സംവിധാനം പൂർണ്ണമായും അനുഭവിക്കാനും പ്രാവർത്തികമാക്കാനും സാധിക്കാത്ത അവസ്ഥയിലാണിപ്പോൾ. പണികൾ പൂർത്തീകരിച്ചിരുന്നെങ്കിലും ചിലത് പ്രവർത്തനരഹിതമാണ്. അത് മൂലം ചെളി കലങ്ങിയ ഉപ്പുവെള്ളം ചേറ്റുവ പുഴയിൽ നിന്ന് ലോക്കിലൂടെ അകത്തേക്ക് കയറുകയാണ്. ഇലക്ട്രിക്ക് കണക്ഷൻ സംവിധാനത്തിലുള്ള പോരായ്മയാണ് ഇതിന് പ്രധാന കാരണമെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ കടപ്പുറം, ഒരുമനയൂർ, പുന്നയൂർ പഞ്ചായത്തുകളിലെയും ചാവക്കാട് നഗരസഭയിലെയും നിവാസികൾക്ക് ലോക്കിന്റെ അറ്റകുറ്റപണികൾ കഴിഞ്ഞതോടെ ശുദ്ധജലം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. എന്നാൽ പണികൾ പൂർത്തിയാക്കിയതിന് ശേഷവും ലോക്ക് പ്രവർത്തരഹിതമാണെന്നുള്ളതിനാൽ നാട്ടുകാരും നിരാശയിലാണ്.
സംഭവത്തിൽ നടപടിവേണമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി ഇറിഗേഷൻ മെക്കാനിക്കൽ സെക്ഷൻ ചീഫ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരോട് കത്ത് മുഖേന ആവശ്യപ്പെട്ടു. ഇറിഗേഷൻ മെക്കാനിക്കൽ സെക്ഷൻ വിഭാഗത്തിലെ ഇലക്ട്രിക് വിഭാഗത്തിലുള്ളവരെ ഉൾപ്പെടുത്തി അടിയന്തരമായി കാര്യം പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.