തൃശൂർ: ക്രൈസ്തവ മത പ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂണിന് പുരസ്‌കാരം നൽകിയത് ലളിതകലാ അക്കാഡമി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ സർക്കുലർ വായിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് തൃശൂർ അതിരൂപതയുടെ കീഴിലുള്ള കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ലളിതകലാ അക്കാഡമിയിലേക്ക് മാർച്ച് നടത്തും.
പുരസ്കാരം പുനഃ പരിശോധിക്കണമെന്ന മന്ത്രി എ.കെ. ബാലന്റെ നിർദ്ദേശത്തെ തുടർന്ന് ലളിതകലാ അക്കാഡമിയുടെ അടിയന്തര ഭരണസമിതി യോഗം ഇന്ന് ചേരും.
അതേസമയം, അക്കാഡമിയെ വിമർശിച്ച് മുൻ ചെയർമാൻ സത്യപാൽ രംഗത്തെത്തി. ക്രിസ്തീയ സഭയുടെ ഭീഷണി ഭയന്ന് അരാഷ്ട്രീയ കോലങ്ങൾ കലാസമൂഹത്തിന്റെ മുഖത്തു ചെളി വാരി എറിയുകയാണെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. സംസ്ഥാന അവാർഡുകൾക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പുകൾ നടത്തുന്നത് അക്കാഡമി ചെയർമാൻ, സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ്. ഇവർ തിരഞ്ഞെടുക്കുന്ന കൃതികളാണ് ജൂറിക്ക് മുന്നിലെത്തുന്നത്. മോശമായതോ, ഒഴിവാക്കേണ്ട സ്വഭാവമുള്ളതോ ആയ കൃതികൾ ഒഴിവാക്കുവാനുള്ള എല്ലാ അധികാരങ്ങളും അക്കാഡമി ഭാരവാഹികൾക്കുണ്ട്. അതിനൊന്നും മുതിരാതെ, ഇവർ തിരഞ്ഞെടുത്ത കൃതികൾക്ക് ഇവർ അധികാരപ്പെടുത്തിയ ജൂറിക്കമ്മിറ്റി അവാർഡ് നിശ്ചയിച്ചതിന് ശേഷം ആരുടെയെങ്കിലും വികാരം വ്രണപ്പെടുന്നത് കണ്ട് അവാർഡ് പുനഃ പരിശോധിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഇത് അക്കാഡമി ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ പ്രകാരമാണെന്നും അദ്ദേഹം കുറിപ്പിൽ ചോദിക്കുന്നു.
അവാർഡ് നൽകും
കാർട്ടൂൺ നിരോധിക്കുകയോ അവാർഡ് മരവിപ്പിക്കുകയോ ചെയ്താൽ കാർട്ടൂണിസ്റ്റിന് അവാർഡ് നൽകി ആദരിക്കുമെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി രാജഗോപാൽ വാകത്താനം ഫേസ്ബുക്കിൽ കുറിച്ചു.