തൃശൂർ: സമൂഹത്തിന്റെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം സ്ത്രീകളുടെ വിദ്യാഭ്യാസമാണെന്ന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍ പറഞ്ഞു. ആരോഗ്യരംഗത്തെ പൊതു- സ്വകാര്യ പങ്കാളിത്തത്തിന്റെ വിവക്ഷകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആരോഗ്യസേവനങ്ങള്‍ കൂടുതല്‍ ജനകീയവും സാര്‍വത്രികവുമാക്കുന്നതില്‍ ജനകീയാസൂത്രണം പ്രധാനപങ്ക് വഹിച്ചിട്ടുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു. അഡ്വ. എം.എച്ച്. മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷനായി. ഡോ. വി.കെ. അബ്ദുള്‍ അസീസ്, കെ. രാധാകൃഷ്ണന്‍, കെ. വേണു, ഡോ. എം.എം. ആന്‍ഡ്രൂസ്, ഡോ. കെ.ആര്‍. ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. പുസ്തകപ്രകാശനം, അവാര്‍ഡ് ദാനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടത്തി. ടി.എല്‍.എഫ് മെഡിക്കല്‍ സൊസൈറ്റി, കെ.വി. അബ്ദുള്‍ അസീസ്, ചികിത്സാനീതി, ദയ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയത്.