അരിമ്പൂർ: റോഡ് തകർന്ന് ചളിക്കുളമായതോടെ നാലാംകല്ല് കായൽ റോഡ് ഫാം റോഡിൽ താമസിക്കുന്ന കുടുംബങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാന റോഡിൽ നിന്നും 300 മീറ്ററോളം ഉള്ളിലേക്കുള്ള റോഡ് തകർന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. ഈ വഴിയിൽ ഇരുപത്തിയഞ്ചോളം കുടുംബങ്ങളുണ്ട്.
ചാലാടി കോളിലേക്കെത്തുന്ന റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. ജനപ്രതിനിധികൾ യഥാസമയം ഇടപ്പെട്ട് റോഡ് സഞ്ചാര്യയോഗ്യമാക്കുന്നില്ലെന്നും വഴി വിളക്കുകൾ എത്താത്ത ഇവിടം ഇഴജന്തുക്കളക്കളുടെ വിഹാരകേന്ദ്രമാണെന്നും അവർ കുറ്റപ്പെടുത്തി. പല തവണ അപേക്ഷകൾ നൽകിയെങ്കിലും പഞ്ചായത്ത് തങ്ങളെ അവഗണിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി.
അതേ സമയം ഈ റോഡ് പഞ്ചായത്തിന്റെ അധീനതയിലല്ലെന്നും, കൃഷി ഭവന്റെ ഫാം റോഡായി നിൽക്കുന്നതിനാലാണ് പഞ്ചായത്ത് പദ്ധതികളിൽ പെടുത്തി ടാർ ചെയ്യാൻ സാധിക്കാത്തതെന്നും വാർഡ് മെമ്പർ സുധ സദാനന്ദൻ പറഞ്ഞു. റോഡ് പഞ്ചായത്തിന്റെ അധീനതയിലാക്കാൻ പ്രദേശവാസികൾ കൃഷി ഭവനിൽ അപേക്ഷ നൽകിയാൽ പഞ്ചായത്തിന് സ്ഥലം കൈമാറ്റം ചെയ്യപ്പെടുമെന്നും റോഡ് പഞ്ചായത്ത് പദ്ധതികളിൽ പെടുത്തി ടാർ ചെയ്യാനാകുമെന്നും മെമ്പർ അറിയിച്ചു.