santha
വീടിന്റെ താക്കോൽ ശാന്തയ്ക്ക് കൈമാറുന്നു

മാള: പ്രളയത്തിന്റെ താണ്ഡവം എല്ലാം തുടച്ചു നീക്കിയ സ്ഥാനത്ത് ശാന്തയ്ക്ക് ഇനി പുതിയ അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. സ്വിസ് മലയാളികളാണ് ശാന്തയ്ക്ക് നിർമ്മിച്ച് നൽകിയത്. ഇൻഡോ സ്വിസ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തെക്കുംമുറി ശാന്ത വേലുക്കുട്ടിക്ക് വീടൊരുക്കിയത്. നിർമ്മാണം പൂർത്തിയാക്കി വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങിൽ നിരവധി പേർ സാക്ഷ്യം വഹിച്ചു.

ചാലക്കുടിപ്പുഴ ഗതി മാറി ഒഴുകിയെത്തിയാണ് വൈൻതോടിന്റെ കരയിൽ താമസിച്ചിരുന്ന ശാന്തയുടെ ഓടു മേഞ്ഞ വീട് ഒലിച്ചുപോയത്. പിന്നീട് പൊതുപ്രവർത്തകൻ വിനോദ് വിതയത്തിലും സുഹൃത്തുക്കളും ചേർന്ന് താത്കാലിക കൂര നിർമ്മിച്ചു നൽകി. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വിസ് മലയാളികൾ ശാന്തയെ സന്ദർശിച്ച് ദയനീയാവസ്ഥ നേരിട്ടറിഞ്ഞത്. ഫെബ്രുവരിയിൽ തറക്കല്ലിടൽ നടത്തിയ വീട്ടിന്റെ നിർമ്മാണം വർഷക്കാലമായപ്പോഴേക്കും പൂർത്തിയാക്കിയാണ് കൈമാറിയത്. നിർമ്മാണത്തിന്റെ ചുമതല സൊക്കോർസൊ കോൺവെന്റിലെ സിസ്റ്റേഴ്സാണ് ഏറ്റെടുത്തത്.

സിസ്റ്റർ ലൈസ പുല്ലോക്കാരനും സ്വിസ് മലയാളികളായ ടൈറ്റസ് നടുവത്ത് മുറി, ലാലി ടൈറ്റസ്, മാത്യു തെക്കോട്ടിൽ എന്നിവർ ചേർന്ന് വീടിന്റെ താക്കോൽ ശാന്തയ്ക്ക് കൈമാറി. വാർഡ് മെമ്പർ ടി.കെ. ജിനേഷ് സന്നിഹിതനായി. പ്രളയം കവർന്ന ശാന്തയുടെ വീടിന്റെ സ്ഥാനത്ത് പത്ത് മാസം പൂർത്തിയായ അവസരത്തിലാണ് വീടൊരുങ്ങിയത്. വൈൻതോടിന്റെ കരയിൽ കൊടവത്തുകുന്നിൽ പ്രളയം പൂർണമായി കവർന്ന രണ്ട് വീടുകളുടെ സ്ഥാനത്തും പുതിയ വീടുകളായി . മറ്റൊരു വീട് മൂന്ന് മാസം മുമ്പ് മാള ഹോളി ഗ്രെയ്സ് അക്കാഡമി നിർമ്മിച്ചു നൽകിയിരുന്നു.