വാടാനപ്പള്ളി: തളിക്കുളം ഇടശ്ശേരിയിൽ പതിനൊന്നുകാരിയെ ദുരൂഹ സാഹചര്യത്തിൽ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടശ്ശേരി പടിഞ്ഞാറ് ത്രിവേണിയിൽ അഞ്ചലശേരി സന്തോഷിന്റെ മകൾ ലതികയാണ് മരിച്ചത് .ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷം സഹോദരങ്ങൾക്കൊപ്പം ടി.വി. കണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ പുറത്തിറങ്ങിയ ശേഷം കാണാതായി. തുടർന്ന് സഹോദരങ്ങളും അയൽക്കാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിക്കുള്ളിൽ മൃതദേഹം കണ്ടത്. കുളിമുറിയുടെ വാതിലിൽ തുണി ഉപയോഗിച്ച് കഴുത്തിൽ കുരിക്കിട്ട് മുട്ടുകുത്തി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വീടിനകത്തുണ്ടായ കത്രിക കുളിമുറിയിൽ നിന്നും കണ്ടെത്തി. വാടാനപ്പള്ളി സി.ഐ. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. തളിക്കുളം എ.എം.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലതിക. അമ്മ: സരിത. സഹോദരങ്ങൾ: ത്യാഗ്, ഹരികൃഷ്ണൻ, സുദേവ്..