gvr-coffee-booth
ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന കോഫീ ബൂത്തിൽ നിന്നും വാങ്ങിയ പരിപ്പ് വടയിൽ തേരട്ട

ഗുരുവായൂർ: ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന കോഫീ ബൂത്തിൽ നിന്നും വാങ്ങിയ പരിപ്പ് വടയിൽ തേരട്ട. കോഫീ ബൂത്ത് താത്കാലികമായി ആരോഗ്യ വിഭാഗം അടപ്പിച്ചു. കിഴക്കെനടയിൽ പൊലീസ് ഇൻഫർമേഷൻ സെന്ററിന് സമീപത്തായി ടെൻഡർ അടിസ്ഥാനത്തിൽ ദേവസ്വം നൽകിയിട്ടുള്ള കോഫീ ബൂത്തിൽ നിന്നും വാങ്ങിയ വടയിലാണ് തേരട്ടയെ കണ്ടെത്തിയത്.

വണ്ടൂർ സ്വദേശി രതീഷും കുടുംബവും ക്ഷേത്ര ദർശനത്തിന് ശേഷം കോഫീ ബൂത്തിൽ നിന്നും ചായയും വടയും വാങ്ങി കഴിക്കുമ്പോഴാണ് വടയിൽ നിന്നും തേരട്ടയെ കിട്ടിയത്. ഉടൻ തൊട്ടടുത്ത് പ്രവർത്തിക്കുന്ന പൊലീസ് ഇൻഫർമേഷൻ സെന്ററിൽ വിവരം അറിയിക്കുകയായിരുന്നു. ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭയിലേയും ദേവസ്വത്തിലേയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കേച്ചേരിയിൽ തമിഴ്‌നാട് സ്വദേശികൾ നടത്തുന്ന സ്ഥാപനത്തിൽ നിന്നും പാചകം ചെയ്ത വിതരണം ചെയ്യുന്ന വടയാണ് ഇവിടെ വിൽപ്പനയ്ക്ക് വച്ചിരുന്നത്.

നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എസ്. പ്രതാപ്, എസ്. ബൈജു, കെ. സുജിത്, ദേവസ്വം ഹെൽത്ത് ഇൻസ്‌പെക്ടർ എം. വിനോദ്, എ.വി. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. നഗരസഭയുടെ ലൈസൻസില്ലാതെയാണ് കോഫീബൂത്ത് പ്രവർത്തിച്ചിരുന്നതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ക്ഷേത്ര പരിസരത്ത് സമാന രീതിയിൽ പ്രവർത്തിക്കുന്ന കോഫീ ബൂത്തുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് നഗരസഭ ഉദ്യോഗസ്ഥർ പറഞ്ഞു.